ശ്വതി തെറ്റുകാരിയാണ്. പലവിധ കാരണങ്ങളാല്‍. ഇന്നത്തെ കേരളത്തില്‍. വിപ്ലവകാരികളായ മന്ത്രിമാര്‍ ചീറിപ്പായുന്ന നിരത്തുകളില്‍.കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് കേട്ടു. ''എന്നോട് ഒരു വാക്കു പറഞ്ഞാല്‍ മുഖ്യമന്ത്രിയെ കാണിച്ചു തരുമായിരുന്നില്ലേ. അത് ചെയ്യാതെ ചാനലുകളില്‍ പോയി വലിയ വര്‍ത്തമാനം പറഞ്ഞ് ഞെളിഞ്ഞിരുന്ന്  വലിയ ആളാവുന്നത് എന്തിനാണ്?''

അമ്പിളിമാമനെ കാണാനല്ല പ്രിയപ്പെട്ട മന്ത്രി അശ്വതി പോയത്, ജനാധിപത്യകേരളത്തിലെ - അങ്ങനെ വിശേഷിപ്പിക്കാം ഇപ്പോഴും എന്നു കരുതട്ടെ- തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാനാണ്. ക്രൂരമായി കൊല്ലപ്പെട്ട -( സാഹചര്യത്തെളിവുകളും സമാകാലികമായ കേരള അനുഭവങ്ങളും അങ്ങനെ തന്നെ കരുതാന്‍ പ്രേരിപ്പിക്കുന്നു) ലിഗ എന്ന ലാത്വിയന്‍ പെണ്‍കുട്ടിക്ക് വേണ്ടി. 

ലിഗയ്ക്ക് വേണ്ടി സംസാരിച്ചതിനാലാണ് സിപിഎം ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ കേസെടുത്തിട്ടുള്ളത്.  ഇത് ഗുജറാത്തില്‍ ആയിരുന്നെങ്കില്‍ ഒരു പന്തംകൊളുത്തി പ്രകടനം നടത്താമായിരുന്നു. കേരളമാകെ പ്രതിഷേധ സംഗമങ്ങള്‍ ഇരമ്പിക്കാമായിരുന്നു. എന്നാല്‍ തീസ്താ സെതല്‍വാദിന് നേരിടേണ്ടി വരുന്ന അതേ അനുഭവങ്ങള്‍ കേരളത്തിലും ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്നത് എത്ര അപമാനകരമാണ്, അതും വിപ്ലവകാരികളുടെ മൗനാനുവാദത്തോടെ.

ലിഗയുടെ പ്രേതവിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ എന്ന് ആത്മാര്‍ത്ഥമായും പേടിയുണ്ടിപ്പോള്‍. അവളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റിലെ തമോഗര്‍ത്തങ്ങള്‍ തേടാന്‍ എഴുത്തുകാരും അധ്യാപകരും ചുവപ്പന്‍ സൈബര്‍ചാവേറുകളും വൈകാതെ അണിനിരക്കും. അവള്‍ക്ക് വേണ്ടി പോരടിക്കുന്ന സഹോദരി എലിസയും വിചാരണ ചെയ്യപ്പെട്ടേക്കും. അതെന്തുമാകട്ടെ. ലിഗ കാണാതായതിനെ തമാശയായി കണ്ടത് കേരള പോലീസാണ്. പോലീസില്‍ നിന്ന് - എന്നുവച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്-  ഒന്നും  പ്രതീക്ഷിക്കാനില്ലെന്ന് വന്നപ്പോഴാണ് എലിസ ലിഗയുടെ ചിത്രമൊട്ടിച്ച് രാപകല്‍ അലഞ്ഞത്. പോലീസിന്റെ പണിയെടുത്ത് അന്വേഷിച്ചത്. 

ഭരണകൂടം കൊഴിഞ്ഞുവീണത് ആ കുട്ടികള്‍ കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ. അത് സ്വപ്നം കണ്ട ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ എലിസ പക്ഷേ ഭരണത്തെ തന്നെ കണ്ടതേയില്ല.  ജ്വാല എന്ന സംഘടനയും അശ്വതിയും എലിസയെ ഒപ്പം ചേര്‍ത്തത് അപ്പോഴാണ്. കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിന്റെ അമ്പിളിമാമനും മനസ്സിലാക്കേണ്ട അദ്യത്തെ കാര്യം എലിസയുടെ കണ്ണീരു തുടയ്ക്കാന്‍ ആദ്യം എത്തേണ്ട കൈകള്‍ നിങ്ങളുടേതായിരുന്നു എന്നതു മാത്രമാണ്. ഞാനില്ലെങ്കില്‍ ലോകമില്ല എന്ന ധാര്‍ഷ്ട്യത്തെ ആരെങ്കിലും അവഗണിച്ചാല്‍ അവരെയല്ല ചവിട്ടിത്തേയ്ക്കേണ്ടത്.

അശ്വതി മൂന്നേമുക്കാല്‍ ലക്ഷം  രൂപ പണപ്പിരിവ് നടത്തി എന്നാണ് കേസ്. കോവളം അനില്‍കുമാറിനെ അറിഞ്ഞുകൂടാ. മുമ്പും  കാറ്റുപോലെ ഇത്തരം അനില്‍കുമാരന്മാര്‍ കടന്നുവന്നിട്ടുണ്ട്. സോളാര്‍ കാലത്ത് ഞങ്ങള്‍ക്കിത് പറഞ്ഞു തന്നെത് സഖാക്കളേ നിങ്ങളാണ്. അതാരുമാകട്ടെ. പോലീസ് ലിഗയെ കാണാതായതിനേക്കാള്‍ ഊര്‍ജിതമായി ഈ കേസ് അന്വേഷിക്കുക തന്നെ ചെയ്യും. എന്തെന്നാല്‍ പരാതിക്കാരന്റെ വിശ്വാസ്യതയല്ല, പെരുവഴിയില്‍ ഉടുതുണിയുരിയപ്പെട്ട ഉടയതമ്പുരാന്റെ നഗ്നതയാണ് പ്രശ്നം.

ഇനി അശ്വതി പിരിച്ചെന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും പണപ്പിരിവ് നടത്താത്ത വിശുദ്ധന്മാരൊന്നുല്ല കേരളത്തിലുള്ളത്. ക്യൂബയിലേക്ക് അരിയെത്തിക്കാനും വെനിസ്വേലന്‍ മാന്ദ്യം മറികടക്കാനും ലോകബാങ്കിനെ ചെറുക്കാനും ഗാട്ട് കരാറിനെ പൊളിക്കാനുമൊക്കെ കാശ് കൊടുത്തവരാണ് മലയാളികള്‍. കൃഷ്ണപ്പിള്ള മന്ദിരത്തിനായാലും ഘണ്ടാകര്‍ണന്‍ ക്ഷേത്രത്തിനായാലും പണം പിരിക്കാന്‍ വരുമ്പോള്‍ എന്തെങ്കിലും കൊടുക്കാത്തവര്‍ കുറവാണ് നമുക്കിടയില്‍. ഒറ്റ ദിവസം കൊണ്ട് ചാനല്‍ തുടങ്ങാന്‍ മാത്രം പണം പിരിച്ചെടുത്തവരാണ് അധികാരത്തിലുള്ളത്. സംസ്ഥാന ബജറ്റ് തന്നെ ബോണ്ടിന്റേയും ബാങ്കിന്റേയും പേരില്‍ പണപ്പിരിവായി മാറുകയാണ്. പാട്ടപ്പിരിവ് നടത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് പോലും പറയുന്ന പാവം സഖാക്കളുള്ള നാടാണ്. ആ പാരമ്പര്യമുള്ളവര്‍ അശ്വതിക്ക് എതിരേ കേസെടുക്കുന്നത് വെടിക്കെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്കു  കൊട്ടി പേടിപ്പിക്കലാണ്. 

അപ്പോള്‍ പിരിവല്ല പ്രശ്നം. അശ്വതി ചുവപ്പു കണ്ട് വിറച്ചില്ല എന്നതാണ്. 56 ഇഞ്ചിനേക്കാള്‍ വിരിച്ചു നില്‍ക്കുന്ന നെഞ്ചിനെ ചോദ്യം ചെയ്തതാണ്. വര്‍ഗ്ഗപരമായി  നിങ്ങള്‍ മുതലാളിമാര്‍ ആയിപ്പോയതാണ്. നിങ്ങള്‍ വലത്തോട്ട് പോകുന്നതുകൊണ്ട് മാത്രം കുറേപ്പേര്‍ ഇടത്തായിപ്പോയാല്‍ സഖാക്കളേ , ദയവു ചെയ്ത് വംശീയ വര്‍ഗ്ഗീയ അപഭ്രംശങ്ങളും തീവ്രവാദിപ്പട്ടങ്ങളും ചാര്‍ത്തരുത്. നിലമ്പൂര്‍ക്കാട്ടില്‍ കൊണ്ടുപോയി കൊല്ലരുത്. അശ്വതിക്ക് വേണ്ടി വലിയ വായകളൊന്നും തുറന്നേക്കില്ല. അവള്‍ക്കൊപ്പമെന്നത് മനുഷ്യാവകാശത്തിന്റെ കുത്തകപ്പാട്ടക്കാര്‍ക്ക് ഒപ്പമല്ല ഇപ്പോള്‍ കേരളത്തില്‍. സര്‍ക്കാരിനെതിരേ ചോദ്യം ചെയ്യുന്നവരെ കേസില്‍ കുടുക്കിയതിനല്ലേ സഖാവേ നമ്മള്‍ മോദിയെ പണ്ട് ചീത്ത വിളിച്ചത്. അടിയന്തിരാവസ്ഥയെ ഇപ്പോഴും എതിര്‍ക്കുന്നതും അതേ പേരിലല്ലേ. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് ആള്‍ക്കൂട്ടങ്ങള്‍ ആട്ടിപ്പായിക്കപ്പെട്ടതും ഇതേ സംശയത്തിന്റെ പേരിലല്ലേ. ഇനി മുഖ്യമന്ത്രി , അങ്ങേക്ക്  പണ്ടൊരു ചോരക്കറയുള്ള ഷര്‍ട്ട് നിയമസഭയില്‍ പൊക്കിക്കാട്ടേണ്ടി വന്നതും ഭരണകൂടത്തെ ചോദ്യം ചെയ്തതിനല്ലേ. സഖാവേ  ഇപ്പോള്‍ നിങ്ങള്‍ അശ്വതിയോട് ചെയ്യുന്നതും മറ്റെന്ത് മാമ്പഴത്തോലാണ്? ബുദ്ധിജീവികളെക്കൊണ്ട് എന്തു കാര്യമെന്ന് പണ്ട് ചോദിച്ചത് സക്കറിയയാണ്. ഒരു കാര്യവുമില്ലെന്ന് പറഞ്ഞുതരുന്നു ഹാഷ് ടാഗ് പ്രചാരണങ്ങളിലെ മൗനം. ചുരുണ്ടു പോയ വാലുകള്‍ നാളെ നമ്മെ ലജ്ജിപ്പിച്ചേക്കാം. ഒപ്പം മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയവരുമുണ്ട് നമുക്ക് മുന്നില്‍.  വി എസ് സുനില്‍കുമാറും തോമസ് ഐസക്കും കെടി ജലീലും  ശൈലജ ടീച്ചറുമൊക്കെ. സഭാ മ്യൂസിയത്തില്‍ ഒഴിവുണ്ടോയെന്ന് കൂടി പരിശോധിച്ചു നോക്കൂ സഖാക്കളേ. വന്ദ്യവയോധികനായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് കേരളത്തിലെ സ്ത്രീസമൂഹം ഇവിടെ എന്തെങ്കിലും പ്രതീക്ഷിച്ചാല്‍ പാര്‍ട്ടി വിഭാഗീയതയായി കാണില്ലെന്നും കണക്കാക്കട്ടെ.  

അശ്വതിയേക്കാള്‍ ജ്വാല എരിയുന്നുണ്ട് നെറ്റിസണ്‍ ആക്ടിവിസ്റ്റുകളല്ലാത്ത സാധാരണക്കാരുടെ മനസ്സുകളില്‍. സഖാവേ മുട്ടുകുത്തി യാചിക്കുന്നതിനേക്കാള്‍ നല്ലത്  നിവര്‍ന്ന് നിന്ന് മരിക്കുന്നതാണെന്ന് പണ്ട് പഠിപ്പിച്ചത് നിങ്ങളൊക്കെ തന്നെയാണ്. ചെ ഗുവാര സംഘപരിവാര്‍ ആണെന്ന്  ചുവപ്പന്‍ സൈബറിടങ്ങളെങ്കിലും പറയില്ലെന്ന് കരുതട്ടെ. ഒന്നു കൂടി. ഒരു കൂട്ടുകാരി പറഞ്ഞതാണ്. ' ഗള്‍ഫിലുള്ള മോന്‍ പണമയച്ചിട്ടുണ്ട്. വിദേശസഹായം കൈപ്പറ്റിയതിന് എന്നേയും അറസ്റ്റ് ചെയ്യുമോടോ? '