മറീനയിലെ ശവകുടീരങ്ങളില്‍ എം.ജി.ആറിന്റെയും ജയലളിതയുടെയും ആത്മാക്കള്‍ ഞെരിപിരി കൊള്ളുന്നുണ്ടാവണം. ഡല്‍ഹിയില്‍ നിന്നുള്ള തീട്ടൂരങ്ങള്‍ക്കനുസരിച്ച് അണ്ണാ ഡി.എം.കെയിലെ രണ്ട് വിഭാഗങ്ങള്‍ ഒന്നിക്കുമ്പോള്‍ ഈ രണ്ട് നേതാക്കള്‍ക്കും എങ്ങിനെയാണ് ആത്മശാന്തി കിട്ടുക? ഒ. പനീര്‍ശെല്‍വവും ഇ. പഴനിസാമിയും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്ക് ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഒ.പി.എസ്. നിര്‍ബ്ബന്ധം പിടിച്ചെങ്കിലും ഒടുവില്‍ ബി.ജെ.പിയുടെ അനുശാസനങ്ങള്‍ക്ക് മുന്നില്‍ അവസാനത്തെ ആത്മാഭിമാനവും അടിയറ വെയ്‌ക്കേണ്ടി വന്നു.
ബി.ജെ.പിക്ക് ക്ഷമ നശിച്ചതാണ് ലയനം വേഗത്തിലാക്കിയത്. ഏറ്റവും ഒടുവില്‍ ടി.ടി.വി. ദിനകരന്‍ മധുരയില്‍ സംഘടിപ്പിച്ച മെഗാ ഷോയാണ് ബി.ജെ.പിയുടെ ക്ഷമ ഇല്ലാതാക്കിയത്. ഒന്നര ലക്ഷത്തോളം പേര്‍ മധുരയില്‍ ദിനകരനെ കാണാനും കേള്‍ക്കാനുമെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഭരണം കൈവിട്ടുപോകുമെന്ന പേടിസ്വപ്‌നത്തെ അതിജീവിച്ച് 20 എം.എല്‍.എമാരും യോഗത്തിനെത്തി. ആര്‍.കെ. നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ കളിച്ച കളി ബി.ജെ.പിയുടെ തമിഴകത്തെ ബുദ്ധികേന്ദ്രമായ തുഗ്‌ളക്ക് പത്രാധിപര്‍ എസ്. ഗുരുമൂര്‍ത്തി നേരിട്ടു കണ്ടതാണ്. കാശിന് കാശും ആളിന് ആളും ഇറക്കി ദിനകരന്‍ മുന്നേറിയപ്പോള്‍ ബി.ജെ.പി. ശരിക്കും അപകടം മണത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ആര്‍.കെ. നഗറില്‍നിന്നു ദിനകരന്‍ നിയമസഭയിലെത്തുമായിരുന്നുവെന്നത് രണ്ടരത്തരമായിരുന്നു. പഴനിസാമിയും പനീര്‍ശെല്‍വവും വിചാരിച്ചാല്‍ ഒതുക്കാന്‍ പറ്റുന്ന കക്ഷിയല്ല ദിനകരന്‍. മണ്ണാര്‍കുടി മാഫിയയുടെ ശൃംഖല തമിഴകത്ത് ഇപ്പോഴും ശക്തമാണ്. ദിനകരന് സമയം കിട്ടുന്തോറും ഒ.പി.എസ്സിന്റെയും പഴനിസാമിയുടെയും നില വഷളായിക്കൊണ്ടിരിക്കുമെന്ന് തിരിച്ചറിയാന്‍ ഗുരുമൂര്‍ത്തിക്ക് പാഴൂര്‍ പടിപ്പുരയില്‍ പോവേണ്ട കാര്യമില്ല.
പഴനിസാമിയേയും പനീര്‍ശെല്‍വത്തേയും മോദി ഡെല്‍ഹിക്ക് വിളിപ്പിച്ചത് ഈ സാഹചര്യത്തിലാണ്. ചുമ്മാ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് നില്‍ക്കാന്‍ തങ്ങളുടെ കൈയ്യില്‍ സമയമില്ലെന്നും ലയനത്തിന് തയ്യാറായിക്കൊള്ളാനും മോദി രണ്ടു പേരോടും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. എം.ജി.ആറിനെയും ജയലളിതയെയും ഡല്‍ഹിക്ക് വിളിച്ചു വരുത്തി വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു പ്രധാനമന്ത്രിയും ശ്രമിച്ചിട്ടില്ല. അതൊരു പാഴ്‌വേലയായിരിക്കുമെന്ന് ഇന്ദിര ഗാന്ധിക്കും രാജീവിനും നരസിംഹ റാവുവിനും വാജ്‌പേയിക്കുമൊക്കെ അറിയാമായിരുന്നു. തമിഴകത്ത് തനിച്ചു നിന്നാല്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണെങ്കിലും ഇന്നിപ്പോള്‍ ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെയെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നുവെന്നത് കാലത്തിന്റെ ലീലയാണ്.
ഒ.പി.എസ്സിന് തിരിച്ചടി
ശശികലയെ പുറത്താക്കണമെന്നതിനേക്കാള്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്നതായിരുന്നു ഒ.പി.എസ്സിന്റെ ആവശ്യം. പക്‌ഷേ, കൂടുതല്‍ എം.എല്‍.എമാര്‍ തന്റെ കൂടെയാണെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാനാവില്ലെന്ന് പഴനിസാമി കടുത്ത നിലപാടെടുത്തു. ബി.ജെ.പിയെ സംബന്ധിച്ച് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴകം സുപ്രധാനമാണ്. വടക്കേ ഇന്ത്യയില്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ സുരക്ഷിതമായേക്കില്ലെന്ന് ബി.ജെ.പി. നേതൃത്വത്തിന് ഉള്‍ഭയമുണ്ട്. അപ്പോള്‍ പിന്നെ ദക്ഷിണേന്ത്യയില്‍നിന്ന് അധികമായി കിട്ടുന്ന ഓരോ സീറ്റും നിര്‍ണ്ണായകമാണ്. ഒന്നിച്ചു നില്‍ക്കുന്ന അണ്ണാ ഡി.എം.കെയാണ് ഇതിന് ബി.ജെ.പിക്ക് വേണ്ടത്. ദിനകരന്‍ എന്തു പ്രശ്‌നമുണ്ടാക്കിയാലും അതിനെ കൈകാര്യം ചെയ്യാന്‍ പല വഴികളുമുണ്ടെന്ന് ബി.ജെ.പി. നേതൃത്വത്തിനറിയാം.
നിലവില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടുന്നതു കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഒ.പി.എസ്സിനറിയാം. ജയലളിതയോ ശശികലയോ ആ സ്ഥാനത്തിരിക്കുമ്പോഴേ അതിനൊരു വിലയുള്ളു. ഇതിപ്പോള്‍ ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം തന്നെ നിയമക്കുരുക്കില്‍ പെട്ട് കിടക്കുകയാണ്. അതുകൊണ്ടു തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒരു മരുപ്പച്ച മാത്രമാണെന്ന് ഒ.പി.എസ്സിനറിയാം. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വൈകാതെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കുമെന്നും ആ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒ.പി.എസ്സായിരിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം കൊടുത്തിട്ടുള്ള ഉറപ്പെന്നാണറിയുന്നത്. തല്‍ക്കാലം തിരിച്ചടികള്‍ അവഗണിച്ച് ബി.ജെ.പി. നേതൃത്വത്തോട് കൂറു കാണിക്കുക എന്നതല്ലാതെ ഒ.പി.എസ്സിന് മറ്റൊന്നും ചെയ്യാനില്ല.
എവിടെ ഡി.എം.കെ.?
തമിഴക രാഷ്ട്രീയം ഇങ്ങനെ കുഴഞ്ഞു മറിയുമ്പോള്‍ ഡി.എം.കെ. എന്തു ചെയ്യുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. കലൈഞ്ജര്‍ കരുണാനിധി സജീവമായിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഇത്ര സുഗമമായി കരുക്കള്‍ നീക്കാനാവുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രശ്‌നമാണ് സ്റ്റാലിനെ മാറ്റിനിര്‍ത്തുന്നതെന്നാണ് സൂചന. വാസ്തവത്തില്‍ തമിഴകത്ത് എത്രയും പെട്ടെന്ന് നിയമസഭ തിരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കുന്നതിനു വേണ്ടിയാണ് ഡി.എം.കെ. ശ്രമിക്കേണ്ടത്. ദ്രവീഡിയന്‍ പ്രസ്ഥാനത്തെ ബി.ജെ.പി. വിഴുങ്ങുന്നതിനെതിരെ തമിഴ് ജനതയെ വൈകാരികമായി ഉണര്‍ത്തി ശക്തമായ ജനമുന്നേറ്റമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരം സ്റ്റാലിന്‍ നഷ്ടപ്പെടുത്തുകയാണെന്ന നിരീക്ഷണവും ഉയരുന്നുണ്ട്.
അണ്ണാ ഡി.എം.കെയെ തങ്ങളുടെ ബി ടീമാക്കി ബി.ജെ.പി. കളത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ വിചാരിക്കുന്നതുപോലെ സ്റ്റാലിന് എളുപ്പമാവണമെന്നില്ല. കലൈഞ്ജര്‍ കരുണാനിധി എന്ന രാഷ്ട്രീയ ചാണക്യന്റെ 'അഭാവം' ഡി.എം.കെ. ശരിക്കും അറിയുന്ന ദിവസങ്ങളാണിത്.
നേട്ടം ബി.ജെ.പിക്ക്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയകാന്തിനും വൈകോയ്ക്കുമൊപ്പം മുന്നണിയുണ്ടാക്കി മത്സരിച്ച ബി.ജെ.പിക്ക് ജയിക്കാനായത് കന്യാകുമാരിയില്‍നിന്നു മാത്രമാണ്. ഇക്കുറി അണ്ണാ ഡി.എം.കെയുമായുള്ള സഖ്യത്തില്‍ ഇത് രണ്ടക്കമാക്കി ഉയര്‍ത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിജെപി. അണ്ണാ ഡി.എം.കെ. ലയനം കഴിഞ്ഞാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റ് വിഭജനമൊക്കെ ബി.ജെ.പി. ആസ്ഥാനത്തായിരിക്കും അന്തിമമായി തീരുമാനിക്കപ്പെടുക. അതുകൊണ്ടു തന്നെ തമിഴകം കൈപ്പിടിയിലൊതുങ്ങാന്‍ ഇനിയിപ്പോള്‍ വലിയ താമസമില്ല എന്നാണ് ബി.ജെ.പി. നേതൃത്വം കരുതുന്നത്.
ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെയുള്ള മുന്നേറ്റം കൂടിയായിരുന്നു ദ്രവീഡിയന്‍ രാഷ്ട്രീയ പ്രസ്ഥാനം. 1949 ല്‍ ഡി.എം.കെയ്ക്ക് രൂപം നല്‍കുമ്പോള്‍ ദ്രാവിഡനാട് ആയിരുന്നു അണ്ണാദുരൈയുടെ മുഖ്യ അജണ്ടകളിലൊന്ന്. പിന്നീട് ആ ലക്ഷ്യം വേണ്ടെന്ന് വെച്ചെങ്കിലും തമിഴന്റെ ആത്മാഭിമാനം വിട്ട് ഒരു കളിക്കും അണ്ണായോ കലൈഞ്ജറോ തയ്യാറായിരുന്നില്ല. മൃദു ഹിന്ദുത്വ സമീപനം കൂടപ്പിറപ്പായിരുന്നെങ്കിലും എം.ജി.ആറും ജയലളിതയും ഒരിക്കലും ഉത്തരേന്ത്യന്‍ അധിശത്വത്തിനു മുന്നില്‍ തല കുനിച്ചിരുന്നില്ല. കസ്തൂരി കൈയ്യില്‍ വെച്ചുകൊണ്ട് ഡല്‍ഹിയില്‍ പോയി ഓച്ഛാനിച്ചുനില്‍ക്കേണ്ട കാര്യമില്ലെന്ന് രണ്ടു പേര്‍ക്കും അറിയാമായിരുന്നു. അത്തരം അതികായരായ നേതാക്കള്‍ ഇന്നിപ്പോള്‍ തമിഴകത്തില്ല. സിംഹങ്ങളും പുലികളും മേഞ്ഞുനടന്നിരുന്ന ഒരു കാട്ടില്‍ പൂച്ചകളും എലികളുമാണിപ്പോള്‍ വിഹരിക്കുന്നത്. അവരെ നിലക്കു നിര്‍ത്താന്‍ ഒരു ചെറിയ മീന്‍ കഷ്ണം ധാരാളമാണെന്ന് ബി.ജെ.പിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.