പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ജ്യോതിബസു വിടവാങ്ങിയിട്ട് 9 വര്‍ഷം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദത്തിലിരുന്ന നേതാവ്. പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ഒരേ ഒരു സി.പി.എമ്മുകാരന്. ഏഴുപതിറ്റാണ്ടുകാലത്തെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതം. അത്തരത്തില്‍ പകരം വെക്കാനില്ലാത്തതായിരുന്നു ജ്യോതിബസുവിന്റ ജീവിതം. സി.പി.എമ്മിന്റെ ഏറ്റവും ജനകീയനായ നേതാവ് വിടവാങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ ജ്യോതിബാബുവിന്റെ വിടവ് നികത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.
1914 ജൂലായ് എട്ടിന് ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്) ഇംഗ്ലീഷ് ഓണേഴ്സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് ബസു കപ്പല്‍ കയറി. 1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി.
1940ല്‍ ബസു ഇന്ത്യയില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുള്ള ആ വരവ് കുടുംബാംഗങ്ങളടക്കം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന് ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. 1942 മെയ് 11ന് ബസന്തി മരിച്ചു. ബംഗാള്‍-അസം റെയില്‍വെ വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ഭൂപേഷ് ഗുപ്തയ്ക്കൊപ്പം ചെന്നുകണ്ട ബസു സര്‍വകക്ഷി സമാധാന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ഒരു സമാധാന റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തോട് ഉപദേശം തേടി.
1946ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം 1972 വരെ ബസു തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1948 ഡിസംബര്‍ അഞ്ചിന് ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. 1953ല്‍ ബസു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കേന്ദ്ര സെക്രട്ടേറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബസു 1958ല്‍ അമൃത്സര്‍ കോണ്‍ഗ്രസില്‍ വെച്ച് ദേശീയ കൗണ്‍സിലിലെത്തി. 1964ല്‍ മറ്റ് 31 പേരോടൊപ്പം ദേശീയ കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുകയും തുടക്കം മുതല്‍ തന്നെ പോളിറ്റ് ബ്യൂറോ അംഗവുമായി.
1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ അതുവരെ ജയിച്ചുവന്ന ബാരാനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സത്ഗാച്ചിയ മണ്ഡലത്തിലേയ്ക്ക് മാറിയ ബസു ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് 2000 നവംബര്‍ മൂന്ന് വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
ഏറ്റവും കൂടുതല്‍കാലം - 23 വര്‍ഷം- മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആള് ജ്യോതിബസുവാണ്. 1996ല്‍ കോണ്‍ഗ്രസ് - ബി.ജെ.പി ഇതര കക്ഷികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ടത് ജ്യോതിബസുവിന്റെ പേരായിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മിറ്റി ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബസു തന്റെ ഓര്‍മകള്‍ 'എ പൊളിറ്റിക്കല്‍ ബയോഗ്രഫി' എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ബംഗാളി ഭാഷയില്‍ അദ്ദേഹം എഴുതിയ പ്രബന്ധങ്ങള്‍ അഞ്ച് വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്യോതിബസുവിന്റെ മരണത്തിന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ അവസ്ഥ ഒട്ടും ശുഭകരമല്ല. ജ്യോതിബസുവിന്റെ സ്വന്തം ബംഗാളില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി തിരിച്ചുവരവിനായി നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അതൊരിക്കലും പ്രതിഫലിക്കുന്നില്ല. ത്രിപുരയിലും തകര്‍ന്നതിന് പിന്നാലെ രാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലുമെല്ലാം കര്‍ഷക തൊഴിലാളി സമരങ്ങളിലൂടെ സി.പി.എം സജീവമായിരിക്കുമ്പോള്‍ തന്നെ പഴയ ഒന്നാം യു.പി.എ കാലത്തേത് പോലുള്ള പഴയ പ്രതാപത്തിലേക്ക് പാര്‍ട്ടിക്ക് തിരിച്ചെത്താന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ ലേക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ സി.പി.എമ്മിന് ഇല്ലാത്തതും ജ്യോതിബസുവിനെ പോലുള്ള ഒരു ദേശീയ നേതാവിനെയാണ്.
content highlights: 9th death anniversary, Jyoti Basu