2 ജി കുംഭകോണ കേസിലെ വിധി ഡിഎംകെയെ ആര്‍ കെ നഗറില്‍ രക്ഷിച്ചെടുക്കുമോയെന്ന ചോദ്യമാണ് തമിഴകത്ത് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. ടി ടി വി ദിനകരനും എ ഐ എ ഡിഎംകെയും നിറഞ്ഞാടിയ ആര്‍ കെ നഗറില്‍ ഇടയ്‌ക്കെപ്പൊഴോ ഡിഎംകെയുടെ മേല്‍ക്കൈ നഷ്ടപ്പെട്ടു പോയിരുന്നു. പോളിങ് ദിനത്തില്‍ രാവിലെ ഡെല്‍ഹിയില്‍ നിന്നുമെത്തിയ സുവാര്‍ത്ത അതുകൊണ്ടുതന്നെ ഡിഎംകെയ്ക്ക് ഇരട്ടി മധുരമാവുകയാണ്.

2ജിയില്‍ വിധി വ്യാഴാഴ്ചയാണെന്നറിഞ്ഞപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലായിരുന്നു.  പ്രത്യേക കോടതി വിധി പ്രതികൂലമായിരുന്നെങ്കില്‍  അതിന്റെ ആഘാതത്തില്‍ ഡിഎംകെ ശരിക്കും ഉലഞ്ഞുപോവുമായിരുന്നു. രാഷ്ട്രത്തിനു മുന്നില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഡിഎംകെ യെ പോലെ നാണം കെട്ടിട്ടില്ല. 1.76 ലക്ഷം കോടി രൂപയുടെ 2 ജി കുംഭകോണം ഇന്ത്യ അതുവരെ കണ്ട ഏറ്റവും ബ്രഹ്മാണഡ അഴിമതിയായിരുന്നു.

2ജി ഉയര്‍ത്തിപ്പിടിച്ച് ബിജെപി നടത്തിയ ആക്രമണത്തിലാണ് 2014 ല്‍കോണ്‍ഗ്രസ് നിലംപരിശായത്. അതിനു മുന്നേ തമിഴകത്ത് 2011 ല്‍ ജയലളിതയും എഐഎഡിഎംകെയും അധികാരത്തില്‍ തിരിച്ചെത്തിയതും 2ജിയുടെ കാരുണ്യത്തിലാണ്.  ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പിന്റെ അന്ന് 2ജിയില്‍ അനുകൂല വിധിയുണ്ടാവുമ്പോള്‍ അതുകൊണ്ടുതന്നെ അതൊരു കാവ്യ നീതിയെന്നു മാത്രമേ ഡിഎംകെയ്ക്ക് വിശേഷിപ്പിക്കാനാവൂ.                                            

2004 നുശേഷം തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ സമസ്ത വിഭവശേഷിയും ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥി തോല്‍ക്കുന്ന പ്രശ്‌നമുദിക്കാറില്ല. 2010 ല്‍ മധുരയ്ക്കടുത്ത് തിരുമംഗലത്ത് ഡിഎംകെ വിജയിച്ചത് അധികാരവും പണവും സമര്‍ത്ഥമായി വിനിയോഗിച്ചുകൊണ്ടാണ്. കാശുകൊടുത്ത് വോട്ടുവാങ്ങല്‍ എന്ന പരിപാടി ഇത്രയും വ്യാപകമായി അരങ്ങേറിയ ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു അത്.

അഞ്ഞൂറ് രൂപയാണ് അന്നൊരു വോട്ടിന് ഡിഎംകെ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുണാനിധിയുടെ മകനും അന്ന് ഡിഎംകെയുടെ മധുര എംപിയുമായിരുന്ന അഴഗിരിയാണ് തിരുമംഗലത്ത് പണവിതരണത്തിന് നേതൃത്വം നല്‍കിയത്. മണിയോര്‍ഡറുമായി പോകുന്ന പോസ്റ്റ് മാന്‍ മുതല്‍ പത്രവിതരണം നടത്തുന്ന കുട്ടികള്‍ വരെ ഈ പണവിതരണ ശൃംഖലയില്‍ പങ്കാളികളായി.

2 g
2 ജി സ്‌പെക്ട്രം കേസില്‍ കുറ്റവിമുക്തരെന്ന് സുപ്രീംകോടതി വിധി വന്നതിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുന്ന രാജ. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍

 ഡിഎംകെയുടെ തിരുമംഗലം ഫോര്‍മുല ഒരു കലാരൂപമായി   വികസിപ്പിച്ചെടുത്തത് എഐഎഡിഎംകെയാണ്. 2015 ല്‍ ജയലളിത ആര്‍ കെ നഗറില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു മത്സരം തന്നെയുണ്ടായിരുന്നില്ല. ഡിഎംകെയും മറ്റ് പ്രമുഖ പ്രതിപക്ഷ ക്ഷികളും വിട്ടു നിന്ന ആ ഉപതിരഞ്ഞെടുപ്പില്‍ സിപിഐയുടെ മഹേന്ദ്രന്‍ മാത്രമാണ് പേരിനൊരു എതിരാളിയായി ജയലളിതയ്ക്ക് മുന്നിലുണ്ടായിരുന്നത്. വിജയം ഉറപ്പായിരുന്നിട്ടും അന്ന് ആര്‍ കെ നഗറില്‍ പണമൊഴുകി. റെക്കോഡ് ഭൂരിപക്ഷം വേണമെന്ന ജയലളിതയുടെ വാശിയായിരുന്നു ഇതിനു പിന്നില്‍. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ആ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയത്. വെറും 9,710  വോട്ടുകള്‍ നേടിയ മഹേന്ദ്രന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. 

പക്‌ഷേ, 2016 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സിംല മുത്തുചോഴനു മുന്നില്‍ ജയലളിതയുടെ ഭൂരിപക്ഷം 39,545 ആയി കുറഞ്ഞു. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ആര്‍ കെ നഗറില്‍ ം ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ സിംല മുത്തുചോഴന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതിയവര്‍ ഏറെയാണ്. പക്‌ഷേ, കനിമൊഴിയുമായി അടുപ്പമുള്ള സിംലയെ സ്റ്റാലിന്‍ തഴഞ്ഞു. പകരം ആര കെ നഗറില്‍ ഡിഎംകെയുടെ വാര്‍ഡ് നേതാവായ മരുത് ഗണേഷിനെ സ്റ്റാലിന്‍ രംഗത്തിറക്കി. എഐഎഡിഎംകെയാലെ ശൈഥില്യം മരുതിനെ തുണയ്ക്കുമെന്ന് കരുതിയിടത്താണ് ടിടിവി ദിനകരന്‍ എത്തിയത്. പണത്തിന് പണവും ആളിനാളുമായി ദിനകരന്‍ കളത്തില്‍ നിറഞ്ഞാടി. ദിനകരന്‍ ജയിക്കുന്നത് എങ്ങിനെയും തടയണമെന്ന ചിന്തയില്‍ അതേ നാണയത്തില്‍ എഐഎഡിഎംകെ തിരിച്ചടിച്ചതോടെ ഡിഎംകെ ശരിക്കും അപകടം മണത്തു.

 ബുധനാഴ്ച ദിനകരന്‍ ക്യാമ്പ് ജയലളിതയുടെ ആസ്പത്രി വാസ ചിത്രം പുറത്തുവിട്ടിരുന്നു. എന്താണ് ഈ സാഹസത്തിന് ദിനകരനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് ദിനകരന്റെ പ്രചാരണ വിഭാഗം മേധാവിയും മുന്‍ എംഎല്‍എയുമായ വെട്രിവേല്‍ പറഞ്ഞത്. ശശികല എടുത്ത വീഡിയോ ആണിതെന്നാണ് ശശികലയുടെ മരുമകള്‍ കൃഷ്ണപ്രിയ പറഞ്ഞത്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാത്തതെന്താണെന്ന് നേരത്തെ ചോദിച്ചപ്പോള്‍ ശശികല പറഞ്ഞിരുന്നത് ജയലളിത അതിഷ്ടപ്പെട്ടിരുന്നില്ലെന്നായിരുന്നു. സ്വന്തം പ്രതിച്ഛായയെക്കുറിച്ച് അങ്ങേയറ്റം കരുതലെടുത്തിരുന്ന ജയലളിത ഒരിക്കല്‍ പോലും ഇത്തരം ദൃശ്യം പുറത്തുവരുന്നത് സമ്മതിക്കുമായിരുന്നില്ല എന്നുറപ്പാണ്. അവസാന നാളുകളില്‍ ശാരീരികാസ്വാസഥ്യം വല്ലാതെ തളര്‍ത്തിയിരുന്നപ്പോള്‍ പോലും പൊതുവേദിയില്‍ ഒരാളുടെ സഹായവും സ്വീകരിക്കാതെ സ്വയം നടന്നു നീങ്ങണമെന്ന് ജയലളിതയ്ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അത്തരമൊരു നേതാവിന്റെ ഓര്‍മ്മകളോട് ദിനകരനും കൂട്ടരും ചെയ്തത് കടുത്ത അനീതിയാണെന്ന വിമര്‍ശമാണ് പരക്കെ ഉയരുന്നത്. 

എന്തായാലും ഈ രണ്ടു സംഭവങ്ങള്‍ - 2 ജി വിധിയും , ജയലളിതയുടെ ആസ്പത്രി വാസ ദൃശ്യങ്ങളും - ഡിഎംകെയ്ക്ക് നല്‍കുന്ന  ആശ്വാസം ചില്ലറയല്ല.  കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയിയെന്നു തോന്നിപ്പിച്ച ഒരു തിരഞ്ഞെടുപ്പില്‍ പ്രത്യാശയുടെ ചിറകുകള്‍ ഡിഎംകെയില്‍ വീണ്ടും മുളപൊട്ടുകയാണ്.