തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഒ.ജി ശാലിനി റവന്യൂ മന്ത്രി കെ.രാജനുമായി കൂടിക്കാഴ്ച നടത്തി. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയെ കണ്ടത്. തന്റെ സര്‍വീസിനെ കുറിച്ചും അടുത്ത കാലത്ത്  മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ നടപടികളും വിശദീകരിക്കുന്ന നാലു പേജുള്ള കത്തും ഒ.ജി ശാലിനി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

അപേക്ഷ നല്‍കാതെയാണ് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട്  ഉത്തരവിറക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും ശാലിനി മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു.

ഈ നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നും ഒ.ജി ശാലിനി നല്‍കിയ കത്തില്‍ പറയുന്നു. കത്ത്  പരിശോധിച്ച മന്ത്രി തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.  ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ശാലിനി കത്ത് നല്‍കിയിട്ടുണ്ട്.   

 

og salini met revenue minister regards good service entry