.
വാഷിങ്ടണ്‍ ഡി.സി: അമേരിക്ക യുക്രൈനിന് അനുവദിച്ച പുതിയ 450 മില്യണ്‍ ഡോളര്‍ മിലിറ്ററി പാക്കേജിന്റെ ഭാഗമായി നാലു ദീര്‍ഘദൂര റോക്കറ്റ് വാഹിനികള്‍ അയക്കുമെന്ന് അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജൂണ്‍ 23 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഇസ്റ്റേണ്‍ റീജിയന് ഡോണ്‍ബാസില്‍ റഷ്യന്‍ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈമൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചതെന്നും വിജ്ഞാപനം ചൂണ്ടിക്കാണിക്കുന്നു.
അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ച് കൂടുതല്‍ ആയുധങ്ങള്‍ അയക്കുന്നതിന് തീരുമാനിച്ചതായി ആക്ടിംഗ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ടോഡ് ബ്രസ്സില്ലാ വ്യാഴാഴ്ച പറഞ്ഞു.
ഫിബ്രവരി 24 വരെ യുക്രൈനിന് 6.1 ബില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സ് അമേരിക്ക നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2022 ഫിബ്രവരി 24ന് ആരംഭിച്ച റഷ്യന്‍ അധിനിവേശം ഇന്നും പൂര്‍ത്തിയാക്കാനാവാതെ റഷ്യ നട്ടംതിരിയുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം യുക്രൈനിനെ പൂര്‍ണമായും പിടിച്ചടക്കാം എന്ന വ്യാമോഹമാണ് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി തകര്‍ത്തത്. ആയിരക്കണക്കിന് നിരപരാധികള്‍ മരിക്കുകയും ലക്ഷക്കണക്കിന് യുക്രൈനുകാര്‍ അഭയാര്‍ത്ഥികളായി രാജ്യം വിടുകയും ചെയ്തതിന് റഷ്യ കണക്കുപറയേണ്ടിവരുമെന്ന് സെലന്‍സ്കി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..