.
ന്യൂയോര്‍ക്ക്: കോവിഡിന്റെ കെട്ട കാലത്തുനിന്നും ലോകം മോചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ കൂടുതല്‍ സജീവമാക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി വരുന്നു.
വൈറ്റ് പ്ലെയിന്‍സിലെ റോയല്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഗണേഷ് നായരുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയില്‍ നിന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പുതിയ പ്രസിഡന്റ് ഡോ.ഫിലിപ്പ് ജോര്‍ജ്, സംഘടന ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു.
അസോസിയേഷന്റെ ഫാമിലി നൈറ്റ് മെയ് മാസം 15-ാം തീയതി വൈകുന്നേരം റോയല്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ പിക്നിക് ജൂലായ് 30-ാം തീയതി ശനിയാഴ്ചയും ഓണാഘോഷം സെപ്തംബര്‍ 10 ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തുവാനും തീരുമാനിച്ചു.
ഫാമിലി നൈറ്റിന്റെ കോര്‍ഡിനേറ്റര്‍മാരായി ജോ.സെക്രട്ടറി കെ.ജി. ജനാര്‍ദ്ദനന്‍, മുന്‍ സെക്രട്ടറി നിരീഷ് ഉമ്മന്‍ എന്നിവരെയും പിക്നിക്കിന്റെ കോര്‍ഡിനേറ്ററായി ട്രഷറര്‍ ഇട്ടൂപ്പ് കണ്ടംകുളത്തെയും ഓണാഘോഷങ്ങളുടെ കോര്‍ഡിനേറ്ററായി വൈസ് പ്രസിഡന്റ് തോമസ് കോശിയേയും ചുമതലപ്പെടുത്തി. സുവനീറിന്റെ എഡിറ്ററായി മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താനെയും തിരഞ്ഞെടുത്തു. സംഘടനയുടെ ജനകീയ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ ഉടനെ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. അതിന്റെ കോര്‍ഡിനേറ്ററായി മുന്‍ പ്രസിഡന്റ് എ.വി. വര്‍ഗീസിനെയും ചുമതലപ്പെടുത്തി.
നേരത്തെ നടന്ന ഉത്തരവാദിത്വ കൈമാറ്റ ചടങ്ങില്‍ യഥാക്രമം, മുന്‍ പ്രസിഡന്റ് ഗണേഷ് നായരില്‍ നിന്ന് പുതിയ പ്രസിഡന്റ് ഡോ.ഫിലിപ്പ് ജോര്‍ജും, മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസില്‍ നിന്ന് ഷോളി കുമ്പിളുവേലിയും മുന്‍ ട്രഷറര്‍ രാജന്‍ ടി.ജേക്കബില്‍ നിന്ന് ഇട്ടൂപ്പ് കണ്ടംകുളവും ചുമതലകള്‍ ഏറ്റുവാങ്ങി. ചടങ്ങുകള്‍ക്ക് സ്ഥാനമൊഴിയുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ചാക്കോ പി. ജോര്‍ജും പുതിയ ചെയര്‍മാന്‍ വര്‍ഗീസ് എം. കുര്യനും നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് നല്‍കിയ സഹകരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗണേഷ് നായരും സെക്രട്ടറി ടെറന്‍സണ്‍ തോമസും ട്രഷറര്‍ രാജന്‍ ടി. ജേക്കബും നന്ദി പറഞ്ഞു. അതോടൊപ്പം പുതിയ ഭരണസമിതിക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.
കോവിഡ് മൂലം ലോകം വിറങ്ങലിച്ചു നിന്ന സമയത്തും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാനും കോവിഡ് മൂലം കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാനും സംഘടനയെ സജീവമായി നിലനിര്‍ത്തുവാനും ഗണേഷ് നായരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് തോമസ് കോശി, ജോ. സെക്രട്ടറി കെ.ജി. ജനാര്‍ദ്ദനന്‍, നേതാക്കളായ ജോയ് ഇട്ടന്‍, ജോണ്‍ സി. വര്‍ഗീസ്, എ.വി. വര്‍ഗീസ്, നിരീഷ് ഉമ്മന്‍, എം.ഐ. കുര്യന്‍, ലിബിന്‍ ജോണ്‍, വര്‍ഗീസ് എം. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ആന്റോ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലവരായ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് ഡോ.ഫിലിപ്പ് ജോര്‍ജ് അഭ്യര്‍ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷോളി കുമ്പിളുവേലി
Content Highlights: westchester malayali association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..