-
ഭിന്നശേഷിയുള്ള കുട്ടികളുമായി ഗോപിനാഥ് മുതുകാട് ഒരുക്കിയ ''വിസ്മയ സാന്ത്വനം'' ആസ്വാദക ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച് അവിസ്മരണീയമായി. നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകള് വലിയ മാറ്റങ്ങള്‍ക്കു കാരണമാകുവാനും അങ്ങനെ സുന്ദരമായ നമ്മുടെ ലോകം കൂടുതല്‍ സുന്ദരമാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ''ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാര്‍ഥ്യമാണ്'' ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി ശേഷിച്ച ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ വാക്കുകള്‍ ആണിത്.
ഞായറാഴ്ച യുകെയിലെയും അയര്‍ലന്‍ഡിലെയും കാണികള്‍ക്കായി ഓണ്‍ലൈനിലൂടെ അവതരിപ്പിക്കപ്പെട്ട ''വിസ്മയ സാന്ത്വനം'എന്ന പരിപാടി ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒരേ സമയം വിസ്മയവും സാന്ത്വനവും ആയിരുന്നു.
യുക്മയും, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്നായിരുന്നു വിസ്മയ സാന്ത്വനം സംഘടിപ്പിച്ചത്. Different Art Center(DAC) ല്‍ മാജിക്, നൃത്തം, സംഗീതം, മിമിക്രി, താളവാദ്യങ്ങള്‍, ചിത്രരചനാ തുടങ്ങിയ വിവിധ ഇനങ്ങളില്‍ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിച്ചത്. ഗോപിനാഥും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരും ഇല്ല്യൂഷന്‍ പോലുള്ള മനോഹരവും വിസ്മയകരവുമായ മാജിക്കുകളും അവതരിപ്പിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, അയര്‍ലന്‍ഡിലെ കൗണ്‍സിലര്‍ ബേബി പെരേപ്പാടന് എന്നിവര്‍ ആശംസകള്‍ നേരുകയും പ്രൊഫ. ഗോപിനാഥ് മുതുകാട് നന്ദി രേഖപ്പെടുത്തുയും ചെയ്തു. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ് എന്നിവരായിരുന്ന വിസ്മയ സാന്ത്വനത്തിന്റെ മെഗാ സ്പോണ്‍സര്‍മാര്‍.
അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ സാധ്യമാവുന്ന കാഴ്ചയാണ് കണ്ടത്. കുറവുകളേയും പരിമിതികളെയും അതിജീവിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയെന്ന് ഈ കുട്ടികളില്‍ നിന്ന് കണ്ടുപഠിക്കേണ്ടതുണ്ട്. ഇവരുടെ മാതാപിതാക്കളെയും ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകരെയും കൂടി ഈ ഷോയില്‍ പരിചയപ്പെടുത്തി. തിരുവനന്തപുരത്ത് മുതുകാട് സ്ഥാപിച്ചിരിക്കുന്ന ''മാജിക് പ്ലാനറ്റ്'' എന്ന സ്ഥാപനം ഈ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും എത്രമാത്രം സാന്ത്വനവും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി. 100 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഈ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴിലും അതോടൊപ്പം ചെറിയ വരുമാനവും നേടാനുള്ള ''കരിഷ്മ'' എന്ന സ്ഥാപനവും ഇതോടൊപ്പം പ്രവര്‍ത്തിച്ച് വരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ പണിതുടങ്ങിയ യൂണിവേഴ്സല്‍ മാജിക് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണാര്‍ത്ഥമാണ് പരിപാടി സംലടിപ്പിച്ചത്. സ്വപ്നങ്ങള്‍ കാണാനും, കാണുന്ന സ്വപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കഴിവുള്ള ഗോപിനാഥ് എന്ന മനുഷ്യന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനം. പ്രസ്തുത സ്ഥാപനം പണിപൂര്‍ത്തിയാക്കുകയെന്നത് നമ്മുടെയെല്ലാം കടമയാണ്. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നമ്മുടെ ഉത്തരവാദിത്വം നിര്‍വഹിക്കാം. നാമെല്ലാവരും കൈകോര്‍ത്താല്‍ ഈ വലിയ മനുഷ്യന്റെ സ്വപ്ങ്ങളും അതോടൊപ്പം പലവിധ പരിമിതികള്‍ അനുഭവിക്കുന്ന ഭിന്നശേഷി കുട്ടികളുടെയും അവരുടെ അമ്മമാരുടെയും പ്രതീക്ഷകളും പൂവണിയും.
വാര്‍ത്തയും ഫോട്ടോയും : സജീഷ് ടോം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..