-
കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' ഞായറാഴ്ച നടക്കുകയാണ്. മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ പ്രസ്തുത പരിപാടിക്ക് ആശംസകളുമായെത്തുന്നു. ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച ഉച്ചക്ക് 2 നും (യുകെ) വൈകീട്ട് 6.30 നും (ഇന്ത്യ) ആരംഭിക്കും. യുകെയിലെയും അയര്‍ലന്‍ഡിലെയും ആയിരക്കണക്കിനാളുകള്‍ പ്രോഗ്രാം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
യുക്മയുടെ ആഭിമുഖ്യത്തില്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മേല്‍നോട്ടത്തില്‍ ഉള്ള മാജിക് അക്കാദമിയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് ''വിസ്മയ സാന്ത്വനം''.
ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിര്‍മാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളില്‍ പരിശീലനം നടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയില്‍ എത്തുന്നത്. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കുന്ന യൂണിവേഴ്സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
'വിസ്മയ സാന്ത്വനം' പരിപാടിയില്‍ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് യുകെയിലെയും അയര്‍ലന്‍ഡിലേയും എല്ലാ നല്ലവരായ സുഹൃത്തുക്കളോടും, കലാപ്രേമികളോടും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : അലക്സ് വര്‍ഗ്ഗീസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..