-
വെര്‍മോണ്ട്: അമേരിക്കയില്‍ അര്‍ഹരായ 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിന് നല്കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്.
വെര്‍മോണ്ട് ഗവര്‍ണര്‍ ഫില്‍ സ്കോട്ട് ജൂണ്‍ 14 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 80 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസെങ്കിലും നല്കാന് കഴിഞ്ഞതോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.
ജൂണ്‍ 14 ന് കോവിഡ് രോഗവ്യാപനം 34% കുറഞ്ഞതായും ഹോസ്പിറ്റലൈസേഷന് 78% കുറഞ്ഞതായും ഗവര്‍ണര്‍ വെളിപ്പെടുത്തി.
പതിനഞ്ചു മാസം നീണ്ട കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും മുന്‍സിപ്പാലിറ്റികളും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം നിലനിര്‍ത്തുന്നതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം.
ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിനുമുമ്പ് അമേരിക്കയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്സിന് ലഭിക്കണമെന്ന ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ കോവിഡ് വാക്സിന് സുലഭമായിട്ടുണ്ടെന്നും ആരംഭത്തില്‍ വാക്സിനേഷനിലുണ്ടായിരുന്ന മാന്ദ്യം ഇപ്പോള്‍ പൂര്‍ണമായും മാറിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ അമേരിക്ക പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..