-
1956 നവംബര്‍ ഒന്നിന് നിലവില്‍ വന്ന സംസ്ഥാന പുനരേകീകരണ നിയമ പ്രകാരം ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോള്‍ പ്രവാസി മലയാളി സംഘടനകളിലെ പ്രഥമ സ്ഥാനീയരായ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഉചിതമായ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്മ ഈ പ്രോഗ്രാമിലൂടെ ഒരുക്കുന്നത്. മനുഷ്യ സ്‌നേഹത്തിന്റേയും ജീവിത വിശുദ്ധിയുടേയും നറുനിലാവ് പൊഴിച്ച് കടന്നു പോയ മഹാകവി അക്കിത്തമാണ്, മലയാള കവിതയിലെ ആധുനികതയ്ക്ക് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഖണ്ഡകാവ്യത്തിലൂടെ 1952 ല്‍ തുടക്കം കുറിച്ചത്. നന്‍മയും വെളിച്ചവും നിറഞ്ഞ കവി ഹൃദയം തന്റെ കവിതകളിലൂടെ മലയാളിക്ക് പകര്‍ന്ന് തന്നത് കാലങ്ങളെ അതിജീവിക്കുന്ന അക്ഷര സ്‌നേഹസാരമാണ്.
യുക്മ ഫേസ്ബുക്ക് പേജില്‍ നവംബര്‍ ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ ലൈവായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് കലാ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകളുമായ് ഒത്ത് ചേരും. കാവ്യകേളിയും വൈവിധ്യമാര്‍ന്ന നൃത്ത-സംഗീത പരിപാടികളുമായി നിരവധി പ്രശസ്ത കലാകാരന്‍മാര്‍ പങ്ക് ചേരുമ്പോള്‍ ഏറെ ആസ്വാദ്യകരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മലയാള കവിതയുടെ മുഴുവന്‍ ഭംഗിയും പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുന്ന പ്രതിഭാശാലികളായ ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായര്‍ തൊടുപുഴ, അനില്‍ കുമാര്‍ കെ പി, അയ്യപ്പശങ്കര്‍ വി എന്നിവരാണ് കാവ്യകേളിയില്‍ അണി നിരക്കുന്നത്. കൈരളി അക്ഷരശ്ലോക രംഗം പരേതനായ കെ എന്‍ വിശ്വനാഥന്‍ നായര്‍ സാറിന്റെ ശിഷ്യനായ ശ്രീകാന്ത് നമ്പൂതിരിയാണ് കാവ്യകേളിയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അക്ഷരശ്ലോകം, കാവ്യകേളി വിഭാഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഉടമയായ ശ്രീകാന്ത് മലയാള ഭാഷാ പണ്ഡിതനായ രാമന്‍ നമ്പൂതിരിയുടെ ചെറുമകനാണ്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ കേരളപിറവി ദിനാഘോഷം മലയാളികളുടെ ഒരു മഹാ ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
യു കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ദീപ നായരാണ് ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ യു കെയിലെ പ്രശസ്തമായ റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസ് ആണ് ഒരുക്കുന്നത്. ഏവരേയും യുക്മ കേരളപിറവി ആഘോഷങ്ങളിലേക്ക് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത അയച്ചത് : സജീഷ് ടോം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..