
-
മേരിലാന്‍ഡ്: ലോകത്താദ്യമായി പന്നിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു. ജനുവരി 7 നാണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഡേവിഡ് ബെന്നറ്റില്‍ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്.
പൂര്‍ണമായും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ രോഗിയുടെ മുമ്പില്‍ മരണം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഈ അവസ്ഥയില്‍ പന്നിയുടെ ഹൃദയം മാറ്റിവെക്കുന്ന പരീക്ഷണത്തിന് വിധേയനാകാന്‍ രോഗിയും ശസ്ത്രക്രിയക്ക് ഡോക്ടര്‍മാരും തയ്യാറാവുകയായിരുന്നു. രണ്ടാഴ്ചക്കുശേഷവും ഹൃദയം മിടിക്കുന്നു എന്നത് ആശ്ചര്യകരമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മുമ്പ് പന്നിയുടെ ഹൃദയം പത്തോളം ജനിതകമാറ്റങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം തിരസ്കരിക്കുന്നതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല സ്വീകരിക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ച് പിടിപ്പിക്കുക എന്ന ആദ്യ ശ്രമത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി വേണമായിരുന്നു. ആദ്യം അനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് ഗവേഷകര്‍ക്ക് ഒരവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അനുമതി നല്‍കിയത്. മനുഷ്യഹൃദയം മനുഷ്യന് മാറ്റിവെക്കുന്ന ശസ്ത്രക്രിയയിലൂടെ ഒരു വര്‍ഷമെങ്കിലും ചുരുങ്ങിയത് ജീവിക്കാനാകുമെന്നാണ് 90 % കേസുകളും തെളിയിച്ചിട്ടുള്ളത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..