മൈക്കിൾ ലൂയിസ്
തുള്‍സ (ഒക്‌ലഹോമ): ഒക്ലഹോമ റ്റുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി നാറ്റാലി മെഡിക്കല്‍ ബില്‍ഡിംഗിലുണ്ടായ വെടിവെപ്പില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെടുകയും ഡോക്ടറുടെ ചികിത്സക്കു വിധേയനായ അക്രമി മൈക്കിള്‍ ലൂയിസ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. വെടിവെപ്പില്‍ പത്തോളം പേര്‍ക്ക് നിസ്സാരമായി പരുക്കേറ്റിട്ടുണ്ട്.
നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പ്രതി വെടിവെച്ചു കൊലപ്പെടുത്തിയത്. ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള ചികിത്സ ലഭിക്കാത്തതിനാലാണ് പ്രതി അക്രമം നടത്തിയതെന്ന് ഒക്‌ലഹോമ പോലീസ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
അസ്ഥിരോഗ വിദഗ്ദന്‍ ഡോ:പ്രീസ്റ്റണ്‍ ഫിലിപ്‌സ്, ഡോ:സ്റ്റെഫിനി ഹുസൈന്‍, ഓഫീസ് ജീവനക്കാരി അമെന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെച്ച പ്രതിയുടെ നട്ടെല്ലിലെ വേദനക്കായാണ് കഴിഞ്ഞ മാസം ശാസ്ത്രക്രിയക്കു വിധേയനായത്. ശാസ്ത്രക്രിയക്കു ശേഷവും വേദന വിട്ടുപോയിരുന്നില്ല. പലവട്ടം ഇയ്യാള്‍ ഡോക്ടറുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സംഭവത്തിനു തലേ ദിവസം ഇയാള്‍ക്ക് ഡോക്ടറെ കാണാന്‍ അനുമതി ലഭിച്ചിരുന്നു. വേദനക്ക് ശമനമില്ലാതായപ്പോള്‍ പുതിയ രണ്ടു തോക്കുകള്‍ വാങ്ങി അടുത്ത ദിവസം ആശുപത്രിയിലെത്തി ഡോക്ടറുടെ ഓഫീസിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ഡോക്ടറുടെ ഓഫീസിനകത്ത് അഞ്ചു പേര്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് പോലീസ് എത്തിയപ്പോള്‍ കണ്ടത്. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..