.
മാഞ്ചസ്റ്റര്‍: യുകെയില്‍ താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്‍ക്ക് ഏറ്റവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപെരുന്നാള്.
നാട്ടിലെ പള്ളിപ്പെരുന്നാള് ഓര്‍മ്മകളും ആഘോഷങ്ങളുമെല്ലാം ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ ആയി മനസില്‍ കൂടുകൂട്ടിയത് തന്നെയാണ് ഇതിന് കാരണം. വിഥിന്‍ഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നില്ക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് മോടിപിടിപ്പിച്ച് അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ആദ്യ പ്രദക്ഷിണം ഗില്‍ഡ് റൂമില്‍നിന്നും ആരംഭിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാര്‍ സഭയുടെ ഏറ്റവും ആഘോഷപൂര്‍വമായ കുര്‍ബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും. ഫാ.ലിജേഷ് മുക്കാട്ട് റാസ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാകുമ്പോള്‍ ഫാ.മൈക്കിള്‍ ഗാനന്, ഫാ.നിക്ക് കേണ്, ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ഡാനി മോളൊപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദിവ്യബലി മധ്യേ ഷൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന് തിരുന്നാള്‍ സന്ദേശം നല്‍കും.
ദിവ്യബലിയേ തുടര്‍ന്ന് നടക്കുന്ന ലദീഞ്ഞോടെയാണ് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാവുക. പൗരാണികത വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളും, പൊന്‍ വെള്ളി കുരിശുകളും, വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തില്‍ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ സംവഹിക്കും. സെന്റ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം കണ്‍കുളിര്‍ക്കെ കാണാന്‍ തദ്ദേശീയരും റോഡിനിരുവശവും ചേരുക പതിവാണ്. മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
തിരുന്നാള്‍ ആഘോഷങ്ങളെ തുടര്‍ന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയില്‍ മിഷന് ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികനാവും. ഇതേത്തുടര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിന് മിഷന് ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ട്രസ്റ്റിമാരായ അലക്സ് വര്‍ഗീസ്, ചെറിയാന് മാത്യു, ജിന്‍സ്മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന് ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം: ST.ANTONY'S CHURCH WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR
വാര്‍ത്തയും ഫോട്ടോയും : സാബു ചുണ്ടക്കാട്ടില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..