-
ടെക്‌സാസ്: ടെക്‌സാസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ കണ്ടെത്തിയതായി ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസും കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഡിസംബര്‍ 6 ന് വൈകീട്ടാണ് വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
നാല്പതു വയസു പ്രായമുള്ള പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്ത സ്ത്രീയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെങ്കിലും കോവിഡ്19 ന്റെ പൊതുവായ ചിലരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഇവര്‍ വീടിനു സമീപമുള്ളപ്രദേശങ്ങളില്‍ മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പുറത്തേക്ക് യാത്രചെയ്തിരുന്നില്ലെന്നും പറയുന്നു. ഇവര്‍ താമസിക്കുന്ന കമ്യൂണിറ്റിയില്‍ നിന്നുമായിരിക്കും വൈറസ് കടന്നുകൂടിയെന്നും കരുതുന്നു.
ആദ്യം ഒമിക്രോണ്‍ വേരിയന്റ് വളരെയധികം വ്യാപനശക്തിയുള്ളതാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗം വ്യാപനശക്തിയുള്ളതാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്‌സാസ് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.
ഡിസംബര്‍ 6 വരെ ടെക്‌സാസിലെ 254 കൗണ്ടികളില്‍ 3.6 മില്യണ്‍ കോവിഡ്19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയില്‍ ഒമിക്രോണ്‍ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഡിസംബര്‍ 1 ന് കാലിഫോര്‍ണിയയിലാണ്. തുടര്‍ന്ന് ന്യൂയോര്‍ക്ക്, മിനിസോട്ട തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..