-
നാഷ് വില്ല(ടെന്നിസി): ഗര്‍ഭഛിദ്രത്തിന് മാതാവ് തയ്യാറാണെങ്കില്‍ പിതാവെന്ന നിലയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ വിറ്റോ അധികാരം നല്‍കുന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ടെന്നിസി നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചു. സ്റ്റേറ്റ് സെനറ്റര്‍മാരായ മാര്‍ക്ക് പോഡി, ജെറി സെക്സ്റ്റന്‍ എന്നിവരാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റ് സെനറ്റിന് പോഡിലും ടെന്നിസി ഹൗസില്‍ സെക്സ്റ്റനും ബില്‍ അവതരിപ്പിക്കും.
തനിക്കു കൂടി പങ്കാളിത്തമുള്ള കുട്ടിയെ മാതാവ് ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കുന്നതിനും മാതാവിനെ അതില്‍നിന്നു വിലക്കുന്നതിനുമുള്ള നിരോധന ഉത്തരവ് പതിനാലു ദിവസത്തിനകം ലഭിക്കുന്നതിനുള്ള വകുപ്പുകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്.
വിവാഹിതരല്ലാത്തവര്‍ക്കും ഈ ബില്‍ ബാധകമാണ്. ഡി.എന്‍.എ.ടെസ്റ്റ് കൂടാതെ തന്നെ കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന വ്യക്തിയുടെ അവകാശവും കോടതിയില്‍ സംരക്ഷിക്കപ്പെടും.
കോടതിവിധി ലംഘിക്കുന്ന മാതാവിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ലക്ഷ്യം.
ഈ ബില്ലിനെതിരെ എബോര്‍ഷന്‍ അഡ്വക്കേറ്റ്‌സ് വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവര്‍ക്കുമാത്രമാണെന്നാണ് ഇതിനെതിരെ പ്രതികരിച്ച ഡെമോക്രാറ്റിക് സെനറ്റര്‍ ബ്രണ്ടാ ഗില്‍മോര്‍ അഭിപ്രായപ്പെട്ടത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..