-
മാഡിസണ്‍: അമേരിക്കയില്‍ എത്തി പതിനൊന്നാം ദിവസം മകന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് നടക്കാന്‍ ഇറങ്ങിയ സുരേഷ്ഭായ് പട്ടേലിനെ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്കാന് കഴിയാതിരുന്നതിനെ ത്തുടര്‍ന്ന് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയാകേണ്ടിവന്ന പട്ടേലിന് 1.75 മില്യണ്‍ നഷ്ടപരിഹാരം നല്കാന് ധാരണമായി.
2015 ഫെബ്രുവരി 6-നായിരുന്നു സംഭവം. മകന് ജനിച്ച കുട്ടിയെ നോക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്ന സുരേഷ് ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന ഭായിയോട് എന്തിനാണ് പുറത്തിറങ്ങിയതെന്ന് രണ്ട് പോലീസുകാര്‍ അന്വേഷിച്ചു. ഇംഗ്ലീഷ് അറിയില്ല എന്ന് ആംഗ്യം കാണിക്കുകയും മകന്റെ വീടു തൊട്ടടുത്താണെന്ന് ചൂണ്ടികാണിക്കുകയും ചെയ്തു. തുടര്‍ന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പോലീസ് പറയുന്നത്.
ഉടനെ പട്ടേലിനെ പിന്നില്‍ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പട്ടേലിന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാല്‍ ധാരാളം പണം ചികിത്സക്കുവേണ്ടി ചെലവഴിക്കേണ്ടിവന്നുവെന്ന് മകന് ചിരാഗ് പട്ടേല്‍ പറഞ്ഞു. തന്റെ അച്ഛന് ഒരിക്കലും പരസഹായം കൂടാതെ നടക്കാന്‍ കഴിയുകയില്ലെന്നും മകന് ചൂണ്ടിക്കാട്ടി. മാഡിസണ്‍ ഡിറ്റിക്കും രണ്ടുപോലീസ് ഓഫീസര്‍മാര്‍ക്കും എതിരെ 2015 ഫെബ്രുവരി 15-ന് സ്വകാര്യം അന്യായം ഫയല്‍ ചെയ്തു മെയ്മാസം കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് കേസ് റഫര്‍ ചെയ്തു. 139 പൗണ്ട് തൂക്കവും 57 വയസ്സും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ല എന്ന് മനസിലാക്കാന്‍ പോലും പോലീസിനു കഴിഞ്ഞില്ല. ഇതിനെതുടര്‍ന്നാണ് സിറ്റി അറ്റോര്‍ണിയുമായി ധാരണക്ക് തയ്യാറായത്. ഈ സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള പട്ടേല്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..