-
ഒര്‍ലാന്‍ഡോ: കോവിഡ് മൂലം വലയുന്ന കേരളത്തിലെ ചെറുകിട കലാകാരന്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും കടലിനപ്പുറത്തുനിന്നും 'സൃഷ്ടി'യുടെ സഹായഹസ്തം.
സംഗീതത്തോടും കലയോടുമുള്ള അഗാധമായ അഭിനിവേശം മനസ്സില്‍ സൂക്ഷിക്കുന്ന മൂന്നു വനിതകളുടെ കൂട്ടായ്മയാണ് സൃഷ്ടി. അഞ്ചുകൊല്ലം മുമ്പ് അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലാണ് ഈ സംഘടന രൂപീകരിച്ചത്. ഗീത സേതുമാധവന്‍, ലത അഹമദ്, ജെയ്‌സി ബൈജു എന്നിവരാണ് ഈ കൂട്ടായ്മക്ക് രൂപം നല്‍കിയത്.
ആദ്യ പരിപാടിയായ സ്വരാഞ്ജലി വന്‍ വിജയമായത് ഇവരുടെ ആത്മധൈര്യം വര്‍ദ്ധിപ്പിച്ചു. പിന്നീട് പതിനഞ്ചോളം പരിപാടികള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നു. ചിത്ര, ഉണ്ണിമേനോന്‍, വേണുഗോപാല്‍, എന്നിവരുടെ ഗാനമേള, ശോഭന, വൈജയന്തി, പ്രതീക്ഷ കാശ് എന്നിവരുടെ നൃത്തം, ഡാന്‍സ് മാസ്റ്റര്‍ സരോജ്ഖാന്റെ ശില്പശാല എന്നിവ സൃഷ്ടിയുടെ ശ്രദ്ധേയമായ പരിപാടികളില്‍പ്പെടുന്നു. ഡൊണേറ്റ് എ സാരി എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ എന്‍.ജി.ഒകള്‍ക്ക് ആയിരത്തോളം സാരികള്‍ എത്തിച്ചു നല്‍കി. ഒര്‍ലാന്‍ഡോയിലെ ഉദാരമനസ്‌കരുടെ അകമഴിഞ്ഞ സഹായമാണ് സൃഷ്ടിയുടെ പിന്‍ബലം. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ.പ്രദീപ് ബൈജു, വ്യവസായികളായ അനിരുദ്ധന്‍, വെള്ളുവ, ഡോ.ഉഷ മോഹന്‍ദാസ്, ഡോ.അരവിന്ദ്, ദേവി പിള്ള എന്നിവര്‍ ഇവരില്‍പ്പെടുന്നു.
കോവിഡിന്റെ ഈ വിഷമഘട്ടത്തില്‍ വലയുന്ന കേരളത്തിലെ ചെറുകിട കലാസാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുകയാണ് സൃഷ്ടി ഇപ്പോള്‍. സ്റ്റീഫന്‍ ദേവസി നയിക്കുന്ന കേരള ആര്‍ട്ടിസ്റ്റ് ഫ്രറ്റേര്‍ണിറ്റി, കാനഡയിലെ ഗുരുവായൂരപ്പന്‍ ടെമ്പില്‍ ഓഫ് ബ്രാംപ്ടണ്‍ എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫെയ്‌സ്ബുക്ക് ലൈവ് പരിപാടിയായ 'ശ്രുതിലയ' യിലൂടെയാണ് ഇതിനുള്ളപണം കണ്ടെത്തിയത്. ജൂണ്‍ അവസാനം മൂന്നു ദിവസങ്ങളിലായി നടന്ന ശ്രുതിലയ പരിപാടിയില്‍ പ്രശസ്ത കലാകാരന്മാരായ രമേഷ് നാരായണന്‍, ശ്രീനിവാസ്, അനൂപ് ശങ്കര്‍, പാരീസ് ലക്ഷ്മി, ജോസി ആലപ്പുഴ എന്നിവര്‍ പങ്കെടുത്തു.
കലയോടും കലാകാരന്‍മാരോടുമുള്ള സ്‌നേഹം കൈമുതലായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ വനിതാക്കൂട്ടായ്മ ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചുകഴിഞ്ഞു. വേദിയിലും പുറത്തുള്ള മനോഹര സൃഷ്ടികളുമായും കാരുണ്യപ്രവര്‍ത്തനങ്ങളുമായും സൃഷ്ടി മുന്നോട്ടുള്ള യാത്ര തുടരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..