വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തു.
2016 ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അസീസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകയായ മേരി മക്ക്‌കോര്‍മക്ക്, മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ:ജോര്‍ജ് തങ്കച്ചന്‍ എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.
പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒറ്റപ്പെട്ടവര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം 1996 മുതല്‍ ദിവസവും മുടക്കം ഇല്ലാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ഏകദേശം 250 ലധികം ആളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തരുവില്‍ അകപ്പെട്ട നൂറിലധികം മനുഷ്യര്‍ക്കാണ് ഇതിനോടകം പി.ഐ ലോനപ്പന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികള്‍ക്ക് ലഭ്യമാകുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചാരിറ്റി നിബന്ധനകള്‍ പാലിച്ച് റജിസ്‌ട്രേഷനോടെയാണ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 1999 ല്‍ പത്തനംതിട്ട ഓമല്ലൂരില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ ലോനപ്പന്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 3 സ്ഥിരം ജീവനക്കാരും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡബ്ല്യു.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി. അയര്‍ലന്‍ഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈന്‍ കരുണാലയത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.
ഡബ്ല്യു.എം.സി അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ അവാര്‍ഡ് ഫലകവും, അവാര്‍ഡ് തുകയും പത്തനംതിട്ടയിലെ മല്ലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പി.ഐ ലോനപ്പന് സമ്മാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..