-
വിയന്ന: ഓസ്ട്രിയൻ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയില്‍നിന്നുള്ള ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു ഷില്‍ട്ടന്‍ ജോസഫ്.
വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തത്. ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്വമായാണ് വീക്ഷിക്കുന്നത്. എന്താണ് ഒരാള്‍ പഠിച്ചത് എന്നതിനേക്കാള്‍, എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാണ് എന്നതിനാണ് പ്രാധാന്യമെന്നു ഷില്‍ട്ടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിവര്‍ഷം 50 മില്യണ്‍ യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതു കൂടാതെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന സുപ്രധാനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഈ ചെറുപ്പക്കാരനെ ഏല്‍പ്പിച്ചിരിക്കുന്നത്.
ആദ്യമാണ് ഇന്ത്യയില്‍, പ്രത്യേകിച്ച് മലയാളിയായ ഒരു വ്യക്തി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനത്ത് എത്തുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്‍ട്ടന്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. വീനര്‍ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോര്‍ഡ് (യു.കെ.), ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (യു.എസ്.), ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി (യു.എസ്.) എന്നിവിടങ്ങളില്‍ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷില്‍ട്ടന്‍ ജര്‍മന്‍ ഡോയ്‌ച്ചേ ബാങ്ക് ഉള്‍പ്പെടെയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചെയ്തു. 2016-ല്‍ 'സ്റ്റോറിബോര്‍ഡ് പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ബിസിനസും തുടങ്ങിയിരുന്നു. 2020 മുതല്‍ ഷില്‍ട്ടന്‍ ഓസ്ട്രിയന്‍ ഫിനാന്‍സ് മാര്‍ക്കറ്റിന്റെ നിയന്ത്രണ കമ്മീഷനിലും അംഗമാണ്.
സിവില്‍ സേവനം കാരിത്താസില്‍ നടത്തിയ ഷില്‍ട്ടന്‍ ഇപ്പോഴും സമയം കിട്ടുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നുണ്ട്. 'മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും ദീപ്തി മറ്റുള്ളവരിലും കൊളുത്തുക, അനിശ്ചിതത്വത്തിനു മുന്‍പില്‍ പിന്തിരിയാതിരിക്കുക, ധൈര്യം വെടിയാതിരിക്കുക, ആത്മവിശ്വാസം ആര്‍ജ്ജിക്കുക, പരാജയങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുക' ഇതൊക്കെയാണ് തന്നെ മുന്‍പോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ചങ്ങനാശ്ശേരിയില്‍നിന്നു ദശകങ്ങള്‍ക്കു മുമ്പ് വിയന്നയിലേക്കു താമസമാക്കിയ ഔസേപ്പച്ചന്‍ - ലിസി പാലത്തുങ്കല്‍ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ഷെറിന്‍. ഇരുവരും വിയന്നയിലെ ആദ്യകാല മലയാളം സ്‌കൂള്‍ - ബാലകൈരളിയില്‍ വിദ്യാര്‍ത്ഥികളായിരുന്നു. സ്പാനിഷ് ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ ഭാഷകള്‍ കൂടാതെ മാതൃഭാഷയും ഷില്‍ട്ടന് കൈകാര്യം ചെയ്യാന്‍ സാധിക്കും.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..