-
റോം. ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികളോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപത പ്രവാസി കമ്മീഷന് ഇറ്റലി യൂണിറ്റ് ആവശ്യപ്പെട്ടു. ഇറ്റലിയില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയുടെ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളാണ്. നിലവില്‍ ഒമിക്രോണ്‍ വകഭേദം ഒട്ടും രൂക്ഷമല്ലെങ്കിലും ഇറ്റലിയെ ഹൈറിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. ആര്.ടി.പി.സി.ആര് പരിശോധനയില്‍ വലിയ വിവേചനമാണ് ഇവിടെ നടക്കുന്നത്. 500 രൂപ നല്കി പരിശോധന നടത്തിയാല്‍ ഫലം ലഭിക്കാന്‍ 5-6 മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കണം. എന്നാല്‍ ഇതേ പരിശോധനയ്ക്ക് 2,500 രൂപ നല്കിയാല് അരമണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായി യാത്രചെയ്യുന്നവര്‍ക്കും മറ്റും ഇത് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ യൂറോ എക്സ്ചേഞ്ച് ചെയ്യുന്നതിലും കടുത്ത അനീതിയാണ് നേരിടുന്നത്. നിലവിലുള്ള വിനിമയനിരക്കിനേക്കാള്‍ വളരെ താഴ്ന്ന നിരക്കിലാണ് യൂറോ മാറിത്തരുന്നത്.
രണ്ടു ഡോസ് വാക്സിനും ബുസ്റ്റര്‍ ഡോസും യാത്രയ്ക്ക് 72 മണിക്കൂറിനുമുന്‍പ് എടുത്ത ആര്.ടി.പി.സി.ആര് പരിശോധനാഫലവും യാത്രാരേഖകളുമൊക്കെയായി ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര ആരംഭിച്ച് 10-12 മണിക്കൂര്‍ യാത്രചെയ്ത് നാട്ടിലെത്തുമ്പോള്‍ അവിടുത്തെ നൂലാമാലകള്‍ പ്രവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഏതാനും ആഴ്ചകളുടെ അവധിക്കായി നാട്ടിലെത്തുമ്പോള്‍ കൂടുതല്‍ സമയവും ക്വാറന്റീനിലും കഴിയേണ്ടിവരികയാണ്. നാട്ടില്‍ കോവിഡ് മാനദന്ധങ്ങള്‍ ഒന്നും പാലിക്കാതെ വിവാഹങ്ങളുള്‍പ്പെടെയുള്ള ചടങ്ങുകളും ആഘോഷങ്ങളും ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. സിനിമാശാലകളിലും വലിയ തോതില്‍ ജനക്കൂട്ടം എത്തുന്നു. രാഷ്ട്രീയക്കാരുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും മുറപോലെ നടക്കുന്നുണ്ട്. ഇതിലൊന്നും ഒരു കുഴപ്പങ്ങളും കാണാതെ, ഇറ്റലിയില്‍നിന്നുള്ള പ്രവാസികളോടു മാത്രം വേര്‍തിരിവു കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപത പ്രവാസി കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഇന്റര്‍നാഷണല്‍ മൈഗ്രന്റ്സ് രൂപതാ ഡയറക്ടര്‍ ഫാ. തോമസ് ഷൈജു ചിറയില്‍, ഇറ്റലി യൂണിറ്റ് പ്രസിഡന്റ് മാഗി മാര്‍ക്ക്, വൈസ് പ്രസിഡന്റ് പ്രവീണ്‍ ലൂയിസ്, സെക്രട്ടറി മാക്സിന്, ട്രഷറര്‍ സെബാസ്റ്റ്യന്‍ അറക്കല്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..