-
ന്യൂയോര്‍ക്ക്: രണ്ടു പതിറ്റാണ്ടായുള്ള വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനയും, പ്രയത്നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാന്‍ഡ് ഹോളിഫാമിലി ചര്‍ച്ചിന് സ്വന്തമായ ദേവാലയം
കോവിഡ് മൂലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്ളതിനാല്‍ ഇടവകാംഗങ്ങളിലെ കുറച്ച് പേര് മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇടവകക്ക് വേണ്ടി വികാരി ഫാ.റാഫേല്‍ അമ്പാടന്‍ പള്ളി വാങ്ങുന്നതായുള്ള രേഖകളില്‍ ഒപ്പുവച്ചു. അറ്റോര്‍ണി ജൂലിയന്‍ ഷുള്‍ട്‌സ് നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
ഓഗസ്റ്റ് 25 ന് വൈകീട്ട് പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാ.റാഫേല്‍ അമ്പാടന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഈ ദേവാലയം വാങ്ങുന്നതിനായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തവരെ അനുസ്മരിയ്ക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ട്രസ്റ്റി ജോസഫ് കടംതോട്ട് ക്ലോസിങ് ചടങ്ങിനായി ഏവരെയും ക്ഷണിച്ചു.
ഈ ദേവാലയം വാങ്ങുന്നതിനു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിലേക്ക് സ്ഥലം മാറിപ്പോയ മുന്‍ വികാരി ഫാ.തദ്ദേവൂസ് അരവിന്ദത്തിന്റെ സാന്നിധ്യം അനുഗ്രഹമായി. ഈ പള്ളിയും അതോടൊപ്പമുള്ള പതിനേഴര ഏക്കര്‍ സ്ഥലവും വാങ്ങുന്നതിനു തുടക്കം കുറിച്ചതും അതിനായി ഫണ്ട് സമാഹരണം ശക്തിപ്പെടുത്തിയതും അച്ചനായിരുന്നു. ഒരു വര്‍ഷം മുന്‍പ് വികാരിയായി ചാര്‍ജെടുത്ത ഫാ.റാഫേല്‍ എല്ലാ ചട്ടവട്ടങ്ങളും പൂര്‍ത്തിയാക്കുകയും പള്ളി സ്വന്തമാക്കാന്‍ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെന്റ് ബോണിഫേസ് ദേവാലയമാണ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനായും പിന്നീട് ഹോളി ഫാമിലി ചര്‍ച്ച് ആയും രൂപാന്തരം പ്രാപിച്ചത്. മൂന്ന് മില്യണ്‍ ഡോളര്‍ വിലയില്‍ ഒരു മില്യണ്‍ നല്‍കി. ബാക്കി 30 വര്‍ഷം കൊണ്ട് ആര്‍ച്ച് ഡയോസിസിനു അടച്ച് തീര്‍ത്താല്‍ മതി.
ബില്‍ഡിംഗ് ഫണ്ട് ചെയര്‍മാന്‍ ജെയിന്‍ ജേക്കബ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ ആന്റണി എന്നിവരും, മുന്‍കാല ട്രസ്റ്റിമാരായ വര്‍ക്കി പള്ളിത്താഴത്, ജോസ് അക്കകാട്ട്, ചാക്കോ കിഴക്കെകാട്ടില്‍, സജി മാത്യു, ജോസഫ് എബ്രഹാം, ജയിന്‍ ജേക്കബ്, ജോര്‍ജ് എടാട്ടേല്‍, ജോണ്‍ ദേവസ്യ, ജോര്‍ജ് പടവില്‍, തോമസ് ചാക്കോ, ജേക്കബ് ചൂരവടി, ജെയിംസ് കാനാച്ചേരി, മത്തായി ഫ്രാന്‍സിസ് എന്നിവരും സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സ്വന്തം ദേവാലയത്തില്‍ ആദ്യത്തെ വി. കുര്‍ബാനയില്‍ ഫാ.റാഫേല്‍ അമ്പാടനും, ഫാ.തദേയൂസ് അരവിന്ദത്തും കാര്‍മ്മികരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..