-
ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസ്സുള്ള അമേരിക്കന്‍ പാകിസ്ഥാന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുട്ടിന്റെ മറവില്‍ മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസ് കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 5165738800 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
മാര്‍ച്ച് 17ന് ഹോപ് സ്ട്ര യൂണിവേഴ്സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി, ലോങ്ങ് ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്കറ്റിലുള്ള വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവ് വേയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ പുറകില്‍ നിന്നും ഓടിയെത്തിയ ഒരാള്‍ ഇവരുടെ മുഖത്തേക്കും ശരീരത്തിലേക്കും വീര്യമേറിയ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം 2015 എന്ന ചുവന്ന നിറത്തിലുള്ള നിസ്സാന്‍ അള്‍ട്ടിമയില്‍ കയറി പ്രതി സ്ഥലം വിട്ടു. തല മറച്ചു കറുത്ത നിറത്തിലുള്ള സ്വറ്റ് ഷര്‍ട്ട് ധരിച്ചിരുന്ന ഏകദേശം 6.2 ഇഞ്ച് ഉയരമുള്ള പ്രതിയെ ഇരുട്ടിന്റെ മറവില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നഫിയയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു. അവര്‍ കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയിരുന്നു. നഫിയ എന്തോ എടുക്കുന്നതിന് വേണ്ടി കാറില്‍ അല്പ സമയം ചിലവഴിച്ചു പുറത്തേക്കിറങ്ങി നടക്കുന്നതിനിടയിലായിരുന്നു ആക്രമണം.
മുഖത്ത് ആസിഡ് വീണതോടെ കണ്ണിലുണ്ടായിരുന്ന കോണ്ടാക്ട് ഗ്ലാസ് ഉരുകി കണ്ണിന്റെ കാഴ്ചയെ തടസ്സപ്പെടുത്തിയിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ മകളെ നഴ്സായ മാതാവാണ് ചികിത്സ നല്കി 911 ല്‍ വിളിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഫിയ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ ചികിത്സയ്ക്കായി ഗോ ഫണ്ട് വഴി 519000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. മകള്‍ക്കെതിരെ കരുതി കൂട്ടിയുള്ള ആക്രമമായിരുന്നുവെന്നും മാതാവും പിതാവും ആരോപിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..