മധ്യപ്രദേശിലെ ഇന്ദോറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വിലയിരുത്തുന്നു. പ്രവാസികാര്യ സെക്രട്ടറി യൂസഫ് സൈദും ഉന്നത ഉദ്യോഗസ്ഥരും സമീപം | ഫോട്ടോ: സാബു സ്കറിയ
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോര്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും നഗരഹൃദയത്തില്‍ ആഗോള ഉദ്യാനം നിര്‍മിച്ചും ശുചിത്വത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് തയ്യാറെടുത്തത്. മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്ദോറില്‍ ഞായറാഴ്ച തുടങ്ങും.
പ്രധാനവേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന യുവജനസമ്മേളനത്തോടെയാണ് തുടക്കം. 3500 പ്രതിനിധികളാണെത്തുന്നത്. 29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്നു. 37 ഹോട്ടലിലും നൂറോളം വീട്ടിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10-ന് യുവജന പ്രവാസി സമ്മേളനം മന്ത്രി എസ്. ജയ്ശങ്കര് ഉദ്ഘാടനം ചെയ്യും. കേന്ദ്ര യുവജനകാര്യമന്ത്രി അനുരാഗ് ഠാക്കൂര്‍, ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗം സനേറ്റ മസ്കരാന്‍ഹസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
തിങ്കളാഴ്ചയാണ് പ്രവാസി ദിനം. 1915-ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് 2003 മുതല്‍ പ്രവാസിദിനം കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സൂരിനാം പ്രസിഡന്റ് ചന്ദ്രപ്രസാദ് സന്തോകി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്ഫാന് അലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ചൊവ്വാഴ്ച സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും.
Content Highlights: Pravasi Bharatiya Divas Indore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..