-
ന്യൂയോര്‍ക്ക്: അമേരിക്കയിലെ നായര്‍ സമുദായാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി രൂപംകൊണ്ട എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍.എസ്.എസ്.ഒ.എന്‍.എ) പത്താം വാര്‍ഷിക നിറവില്‍. പുതുജീവിതം തേടി ജന്മനാടുവിട്ടവര്‍ക്ക് അവരുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും സംസ്‌കാരവും മുറുകെ പിടിച്ച് മാതൃനാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്കില്‍ രുപീകരിച്ചതാണ് ഈ സംഘടന.
നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നായര്‍ കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സഹായങ്ങള്‍ നല്‍കിവരുന്നു.
അമേരിക്കയില്‍ താമസിക്കുമ്പോഴും യുവതലമുറ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തുന്നതിലും സംഘടനയുടെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിലും എന്‍.എസ്.എസ്.ഒ.എന്‍.എയ്ക്ക് അഭിമാനമുണ്ട്. പാരമ്പര്യങ്ങളെയും സാംസ്‌കാരിക സ്വത്വത്തെയും പരിരക്ഷിക്കുന്നതിനും നായര്‍ സമുദായത്തിന്റെ സമ്പന്നമായ പൈതൃകം അടുത്ത തലമുറകള്‍ക്കായി നിലനിര്‍ത്താനുമാണ് എന്‍.എസ്.എസ്.ഒ.എന്‍.എ പരിശ്രമിക്കുന്നത്.
നിലവില്‍, കുടുംബ-വിവാഹ കൗണ്‍സിലിംഗ്, ശിശുക്ഷേമം, ചൈല്‍ഡ് ഗൈഡന്‍സ്, വാര്‍ധക്യ സേവനങ്ങള്‍, അടിയന്തര സാമ്പത്തിക സഹായം എന്നിവയില്‍ എന്‍.എസ്.എസ്.ഒ.എന്‍.എ സഹായങ്ങള്‍ നല്‍കിവരുന്നു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ, മിനസോട്ട, എഡ്മന്റന്‍, ന്യൂജേഴ്‌സി തുടങ്ങി വടക്കേ അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 20 നായര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നോര്‍ത്ത് അമേരിക്കയില്‍ പുതിയ നായര്‍ അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലാണ് എന്‍.എസ്.എസ്.ഒ.എന്‍.എ ഇപ്പോള്‍ ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി നോര്‍ത്ത് അമേരിക്കയിലെ കമ്മ്യൂണിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഓരോ രണ്ടു വര്‍ഷത്തിലും വിവിധ നഗരങ്ങളില്‍ നായര്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
സമൂഹത്തില്‍ വിവാഹ സഹായം ആവശ്യമുള്ളവര്‍ക്കു സംഘടന സഹായം നല്‍കുന്നു. നായര്‍ സമൂഹത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളും അക്കാദമിക്, കരിയര്‍, ബിസിനസ് മേഖലകളില്‍ മാര്‍നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നേതൃത്വഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.
പുതുതായി അമേരിക്കയിലേക്കു കുടിയേറുന്ന കുടുംബങ്ങളെ സഹായിക്കാന്‍ എന്‍.എസ്.എസ്.ഒ.എന്‍.എ ശ്രമിക്കുന്നുണ്ട്. യാതൊരു മുന്‍പരിചയവുമില്ലാതെ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് തനിച്ചല്ല എന്ന ധൈര്യം നല്‍കാനാണ് ഈ സംഘടന പരിശ്രമിക്കുന്നത്.
ചാരിറ്റി, വിവാഹ സേവനങ്ങള്‍, വടക്കേ അമേരിക്കയിലെ നായര്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങളെ അറിയിക്കുന്നതിനായി പ്രതിമാസ വാര്‍ത്താക്കുറിപ്പുകള്‍ എന്‍.എസ്.എസ്.ഒ.എന്‍.എ വിതരണം ചെയ്യുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ വിവാഹത്തിനു ശ്രമിക്കുന്ന കുടുംബങ്ങളെ എന്‍.എസ്.എസ്.ഒ.എന്‍.എ സജീവമായി സഹായിക്കുന്നു.
പ്രാദേശിക നായര്‍ അസോസിയേഷനുകള്‍ ചാരിറ്റി പരിപാടികള്‍, പ്രതിമാസ ഭജനകള്‍, മതപരമായ ഉത്സവങ്ങള്‍, ഓണം-വിഷു ആഘോഷങ്ങള്‍, കുടുംബ യോഗങ്ങള്‍, വിനോദയാത്ര എന്നിവ എന്‍.എസ്.എസ്.ഒ.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം രണ്ടു പുതിയ കരയോഗങ്ങളാണ് രൂപീകരിച്ചത്- ചിക്കാഗോ, എഡ്മന്റന്‍ എന്നിവിടങ്ങളില്‍. കൂടുതല്‍ ഇടങ്ങളില്‍ കരയോഗങ്ങള്‍ രൂപീകരിക്കാന്‍ പരിശ്രമിച്ചുവരുന്നു. ഈ വര്‍ഷം ജൂലൈ 3, 4, 5 തിയതികളില്‍ ന്യൂയോര്‍ക്കില്‍ ഗ്ലോബല്‍ നായര്‍ സംഗമം സംഘടിപ്പിക്കാന്‍ എന്‍സോണ പദ്ധതിയിട്ടിരുന്നെങ്കിലും, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി.
നോര്‍ത്ത് അമേരിക്കയിലെ സാമുദായക പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമാണ്. 2018- ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് വീടുനഷ്ടപ്പെട്ട സമുദായ അംഗങ്ങള്‍ക്ക് എന്‍.എസ്.എസ്.ഒ.എന്‍.എ വീടുകള്‍ നിര്‍മിച്ചുനല്‍കി. അര്‍ഹരായ കുടുംബങ്ങള്‍ക്കു ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കി.
സമുദായത്തിലെ പ്രമുഖ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനും എന്‍.എസ്.എസ്.ഒ.എന്‍.എ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കന്നതിനുമായി മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചിരുന്നു. അശ്വതി തിരുനാള്‍ തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നായര്‍ സമുദായാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
സുനില്‍ നായരാണ് ഇപ്പോള്‍ എന്‍.എസ്.എസ്.ഒ.എന്‍.എ പ്രസിഡന്റ്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. എന്‍.എസ്.എസ്.ഒ.എന്‍.എ സ്ഥാപക ജനറല്‍ സെക്രട്ടറിയായ സുനില്‍ നായര്‍, 2014-2016 കാലഘട്ടത്തിലും ജനറല്‍ സെക്രട്ടറിയായിരുന്നു. നായര്‍ ബെനവലന്റ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ് സുനില്‍. സെക്രട്ടറി-സുരേഷ് നായര്‍,
ട്രഷറര്‍- ഹരിലാല്‍ നായര്‍, വൈസ് പ്രസിഡന്റ്-സിനു നായര്‍, ജോയിന്റ് സെക്രട്ടറി- മോഹന്‍ കുന്നംകലത്ത്, ജോയിന്റ് ട്രഷറര്‍-സുരേഷ് നായര്‍.
ഡയറക്ടര്‍ ബോര്‍ഡ്: ഡോ. ശ്രീകുമാരി നായര്‍, അപ്പുകുട്ടന്‍ പിള്ള, കിരണ്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള,
ജയന്‍ മുളങ്ങാട്, ബീന നായര്‍, നാരായണന്‍ നായര്‍, സന്തോഷ് നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സുരേഷ് അച്യുതന്‍ നായര്‍, ജയകുമാര്‍ പിള്ള, പ്രസാദ് പിള്ള, മനോജ് പിള്ള, അരവിന്ദ് പിള്ള, വിമല്‍ നായര്‍. ഉപദേശക സമിതി:എംഎന്‍സി നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്‍.
വാര്‍ത്ത അയച്ചത്: തമ്പാന്നൂര്‍ മോഹന്‍
Content Highlights: NSS of North America 10th Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..