-
ന്യൂയോര്‍ക്ക്: ജൂണ്‍ 12 മുതല്‍ 22 വരെ നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിര് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ സ്റ്റീവ് ബഹാര്‍, കോശി തോമസിന്റെ ഇലക്ഷന് ക്യാമ്പയിന് ഓഫീസ് സന്ദര്‍ശിച്ചു. കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനാല്‍ കോശിക്ക് വിജയാശംസകള്‍ നേരുന്നതിനായാണ് സ്റ്റീവ് തന്റെ ഫിയാന്‍സിയും മറ്റു ടീമംഗങ്ങളുമായി സന്ദര്‍ശനം നടത്തിയത്. അമേരിക്കയില്‍ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ എതിര്‍സ്ഥാനാര്‍ത്ഥികള്‍ പരസ്പരം വിജയാശംസകള്‍ നേരുന്നത് ചിലയിടങ്ങളില്‍ പതിവാണ്. രണ്ടു സ്ഥാനാര്‍ത്ഥികളും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് 23 ലെ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരാണ്.
കോശി തോമസ് ഈ തിരഞ്ഞെടുപ്പില്‍ മുന്‍പോട്ടു വച്ചിരിക്കുന്ന തരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സമാനമായ വാഗ്ദാനങ്ങളും നിര്‍ദേശങ്ങളുമാണ് സ്റ്റീവും പ്രസ്താവിച്ചിരിക്കുന്നത്. അതിനാല്‍ സമാന ചിന്താഗതിക്കാരുടെ സംഗമമാണിത് എന്ന് കോശി പ്രസ്താവിച്ചു. കോശിയുടെ പ്രധാന മൂന്നു നിര്‍ദേശങ്ങളാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ വില്പന നികുതിയിലുള്ള ഇളവ്, പ്രോപ്പര്‍ട്ടി ടാക്സിലുള്ള ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കുള്ള റ്റാക്സ് ക്രെഡിറ്റ് എന്നിവ. അതോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയിലെ അവശ്യസേവനങ്ങളുടെ വര്‍ധനവും കോശിയുടെ പ്രകടന പത്രികയിലെ മുഖ്യ ആവശ്യമാണ്. തന്റെ തിരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് കോശി സ്റ്റീവിനോട് അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 12 ശനിയാഴ്ച ആരംഭിച്ച ഏര്‍ളി വോട്ടിങ്ങില്‍ ഡിസിട്രിക്ടിലുള്ള എല്ലാ രേജിസ്റ്റേര്‍ഡ് ഡെമോക്രാറ്റിക് മലയാളി വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കോശി തോമസിനെ വിജയിപ്പിക്കണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. 22 വരെ ഏര്‍ളി വോട്ടിംഗ് എല്ലാ ദിവസവും രാവിലെ 6 മുതല്‍ 5 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്യൂന്‍സ് വില്ലേജിലെ വിന്‍ചെസ്റ്റര്‍ ബോലേവാദിലുള്ള ക്രീഡ് മൂര്‍ സൈക്കിയാട്രിക് സെന്റര്‍ ഏര്‍ളി വോട്ടിങ്ങിനുള്ള ഒരു കേന്ദ്രമാണ്.
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..