
മിസോറി ഗവർണർ മൈക് പാർസണും ഭാര്യയും
മിസോറി: മിസോറി ഗവര്‍ണര്‍ മൈക്ക് പാര്‍സനും ഭാര്യക്കും കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയതായി സെപ്റ്റംബര്‍ 23 ന് ബുധനാഴ്ച ഗവര്‍ണര്‍ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനാടിസ്ഥാനത്തില്‍ നിര്‍ബന്ധപൂര്‍വം മാസ്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ക്കാണ് ആദ്യമായി കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യക്കും പരിശോധന നടത്തുകയായിരുന്നു.
കോവിഡ്19 ബാധിച്ച രണ്ടാമത്തെ സംസ്ഥാന ഗവര്‍ണറാണ് പാര്‍സണ്‍. ജൂലൈ മാസം ഓക്ലഹോമ ഗവര്‍ണര്‍ കെവിന് സ്റ്റീറ്റിനും കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഒഹിയൊ ഗവര്‍ണര്‍ മൈക്ക് ഡ്വയ്ന്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഫലം തെറ്റായിരുന്നുവെന്നും കണ്ടെത്തി.
മിസോറി ഗവര്‍ണറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. പൊതു ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണറുമായി ഇടപഴകിയ എല്ലാവരും തന്നെ കൂടുതല്‍ ഭയപ്പെടേണ്ടതില്ലെന്ന് മിസോറി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് റാങ്ങല്‍ വില്യംസ് അറിയിച്ചു.
ഗവര്‍ണറുടെ ചുമതലകള്‍ വീട്ടിലിരുന്ന് നിര്‍വഹിക്കുമെന്ന് ഗവര്‍ണര്‍ പാര്സന് പറഞ്ഞു. ഗവര്‍ണറുടെ തിരഞ്ഞെടുപ്പു സമ്മേളനങ്ങള്‍ അനിശ്ചിതമായി മാറ്റിവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായ മിസോറിയില്‍ ട്രംപിന്റെ വിജയത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗവര്‍ണര്‍.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..