-
ഹ്യൂസ്റ്റണ്‍: മിസ്സോറി സിറ്റി മേയര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന മലയാളി റോബിന്‍ ഇലക്കാട്ട് വിജയ പ്രതീക്ഷയില്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാനവട്ട തിരഞ്ഞെടുപ്പു പ്രചാരണ തിരക്കിലാണ് അദ്ദേഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നേരിട്ട് വോട്ടര്‍മാരെ കാണാന്‍ സാധിച്ചില്ലെങ്കിലും ഓണ്‍ലൈനിലൂടെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസ്സോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമാണ്.
മലയാളികള്‍ പൂര്‍ണപിന്തുണയുമായി രംഗത്തുള്ളതാണ് കോട്ടയം കുറുമുളളൂര്‍ സ്വദേശി റോബിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് നവംബര്‍ 3 ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
വാര്‍ത്തയും ഫോട്ടോയും : സുജിത്ത് എസ്. കൊന്നയ്ക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..