-
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന കേരള ഇലക്ഷന് 2021 ഡിബേറ്റ് മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് മാര്‍ച്ച് 28 ന് ഞായറാഴ്ച 3 മണിയ്ക്ക് ആരംഭിക്കും.
കാലിക പ്രസക്തവും സങ്കീര്‍ണവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റില്‍ കേരളത്തിലെ മൂന്ന് മുന്നണികളെയും (യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ) പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്ന്, അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനമേഖലകളില്‍ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ ജീമോന്‍ റാന്നി (യുഡിഎഫ്) അക്കു കോശി (എല്‍ഡിഎഫ്) ഹരി ശിവരാമന് (എന്‍ഡിഎ) എന്നിവരാണ് സംവാദത്തിനു ചുക്കാന്‍ പിടിക്കുന്നത്. മുന്നണി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. സജീവ ചര്‍ച്ചകള്‍ക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ക്കും അവസരവും ഉണ്ടായിരിക്കും.
രാഷ്ട്രീയ കക്ഷികളോട് 'മാഗിന്' നിഷ്പക്ഷ നിലപാടാണുള്ളതെന്നും പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പല വിഷയങ്ങളും തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്യാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ ഹൂസ്റ്റണ്‍ മലയാളികളും പ്രയോജനപ്പെടുത്തണമെന്നും മാഗ് ഭാരവാഹികള്‍ അറിയിച്ചു. ഈ ഡിബേറ്റ് 'സൂം' വഴിയും മാഗ് (MAGH) ഫേസ്ബുക് ലൈവില്‍ കൂടിയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഡോ.രഞ്ജിത്ത് പിള്ള മോഡറേറ്ററുമായിരിക്കും.
ഹൂസ്റ്റണ്‍ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂര്‍വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികളായ വിനോദ് വാസുദേവന്‍ (പ്രസിഡന്റ്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലില്‍ (ട്രഷറര്‍) റനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) ഡോ.ബിജു പിള്ള (പിആര്‍ഒ) എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..