-
ഹൂസ്റ്റണ്‍: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ (മലയാളി അസോസിയേഷന് ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍) ഈ വര്‍ഷത്തെ ഭരണസമിതി പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി 'മാഗ്' കാര്‍ണിവല്‍ 2021 ഉം കുടുംബസംഗമവും ജനശ്രദ്ധ പിടിച്ചു പറ്റി.
നവംബര്‍ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനവും മാഗിന്റെ സ്വന്തം ആസ്ഥാന കേന്ദ്രവുമായ സ്റ്റാഫോഡിലെ വിശാലമായ 'കേരളാ ഹൗസും' 'റിക്രിയേഷന്‍ ഹാളും' പരിസരവും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയിലാരുന്നു. കാര്‍ണിവലില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും മാഗിന്റെ ചാരിറ്റി ഫണ്ടിലേക്കാണ് ഉപയോഗിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നാവില്‍ രുചിയൂറുന്ന കേരളീയ ശൈലിയിലുള്ള രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി നിരവധി ഭക്ഷണ സ്റ്റാളുകളില്‍ നാടന്‍ 'തട്ടു കട' ജന ശ്രദ്ധയാകര്‍ഷിച്ചു.
റീക്രിയേഷന്‍ ഹാളില്‍ നിറയെ ഫാന്‍സി, ജ്വല്ലറി ഇനങ്ങളോടൊപ്പം ഗ്രോസറി ഇനങ്ങളും വില്‍പനയ്ക്കായിട്ടുണ്ടായിരുന്നു. കുട്ടികള്‍ക്കായി 'ഫെയിസ് പെയിന്റിംഗ്', 'മൂണ്‍ വാക്ക് ' തുടങ്ങിയ പരിപാടികള്‍ ഒരുക്കിയിരുന്നു.
തുടര്‍ച്ചയായ 6 മണിക്കൂറും 'ലൈവ് മ്യൂസിക് ആന്‍ഡ് ഡാന്‍സ്' പരിപാടിയില്‍ അനില്‍ ജനാര്ദ്ദനന്, ആന്‍ഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, രേഷ്മ വിനോദ്, ജയന് അരവിന്ദാക്ഷന്,സഞ്ജയ് എന്നിവര്‍ ഗാനമാലപിച്ചു. നേഹ സുര്യ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തവും മികവുറ്റതായിരുന്നു. ഡോര്‍ പ്രൈസുകളും ഉണ്ടായിരുന്നു. വിവിധ വിഭവങ്ങളുടെ ലേലം, അമേരിക്കന്‍ ലേലം തുടങ്ങിയവ കാര്‍ണിവലിനെ ശ്രദ്ധേയമാക്കി.
മാഗ് റിക്രിയേഷന്‍ ഹാളിന്റെ പുനര്‍ നിര്‍മാണത്തിനു 30,000 ഡോളര്‍ സംഭാവന നല്കി സഹായിച്ച സാമൂഹ്യ പ്രവര്‍ത്തകനും മാഗ് മുന്‍ പ്രസിഡന്റുമായ ശശിധരന് നായരെയും പത്നി പൊന്നമ്മ നായരെയും പൊന്നാട നല്കി പ്രത്യേകം ആദരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോഷ്വ ജോര്‍ജും മാഗ് പ്രസിഡന്റ് വിനോദ് വാസുദേവനും ആശംസകള്‍ നേര്‍ന്നു.
നല്ല ഒരു കലാകാരനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റെനി കവലയില്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. എല്ലാ കാര്യത്തിനും ഓടി നടന്ന് നേതൃത്വം നല്കിയതോടൊപ്പം സെക്രട്ടറി ജോജി ജോസഫ് ഫേസ്ബുക് ലൈവില്‍ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നല്കി. ഈ വര്‍ഷം മാഗ് നടത്തിയ 29-ാമത്തെ പരിപാടിയായിരുന്നു കാര്‍ണിവല്‍.
കാര്‍ണിവലിനെ വന്‍ വിജയമാക്കിയ എല്ലാവര്ക്കും പ്രത്യേകിച്ച് സ്പോണ്‍സര്‍മാര്‍ക്കും വിനോദ് വാസുദേവന്‍ നന്ദി രേഖപ്പെടുത്തി.
വിനോദ് വാസുദേവന്‍ (പ്രസിഡന്റ്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലില്‍ (ട്രഷറര്‍) റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കാര്‍ണിവല്‍ കോര്‍ഡിനേറ്റര്‍മാരായ ജെയിംസ് തുണ്ടത്തില്‍, മൈസൂര്‍ തമ്പി, മറ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കാര്‍ണിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..