.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അമ്പതു വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ വന്‍കരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു. ഒക്ടോബര്‍ 29 നു ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന സുവര്‍ണ്ണജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍നിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കര്‍മ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലി ആഘോഷകമ്മിറ്റിക്കു രൂപംനല്കി.
ജൂബിലികമ്മിറ്റിയുടെ പ്രഥമയോഗം ന്യൂയോര്‍ക്കിലുള്ള സന്തൂര്‍ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. അന്പതുവര്ഷത്തിനുമുമ്പ് കേരളസമാജത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോക്ടര്‍ ജോസഫ് ചെറുവേലി മുതല്‍ പിന്നീട് സാരഥികളായി ചേര്‍ന്ന ഒട്ടധികം പേരും കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം, സെമിനാറുകള്‍, മതസൗഹാര്‍ദ സമ്മേളനം, കലാസമ്മേളനം, സ്മരണിക യുവജനസംഗമം, വനിതാസംഗമം എന്നിവയുടെ നടത്തിപ്പിനായി സബ്കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രസിഡന്റ് പോള്‍ പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് ചെയര്‍ ഷാജു സാം, സെക്രട്ടറി മേരി ഫിലിപ്പ്, ട്രഷറര്‍ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
സുവര്‍ണ്ണജൂബിലി നിറവില്‍ കേരളസമാജത്തിന്റെ 2022 പ്രവര്‍ത്തനോദ്ഘാടനവും വിഷു ഈസ്റ്റര്‍ ആഘോഷങ്ങളും ഏപ്രില്‍ 23 ന് ലോങ്ങ് ഐലന്‍ഡ് ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റില്‍വച്ച് വൈകീട്ട് 6 മണിക്ക് നടത്തപ്പെടും. മോസ്റ്റ് റവ.ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, പാര്‍ത്ഥസാരഥിപിള്ള, ഫാ.നോബി അയ്യനേത്ത് തുടങ്ങിയവര്‍ മുഖ്യഅതിഥികളായെത്തും.
Content Highlights: kerala samajam, Newyork
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..