.
ഡാലസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കണ്വെന്ഷന് ഓഗസ്റ്റ് 5 മുതല്‍ 7 വരെ സെന്റ്.മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വെച്ച് (14133 Dennis Lane, Farmers Branch, Tx 75234)വൈകീട്ട് 6.30 മുതല്‍ 9 മണി വരെ നടത്തപ്പെടുന്നു.
പ്രമുഖ ആത്മീയ പ്രഭാഷകനും, നാഗപ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ ഫാ.ഡോ.ജേക്കബ് അനീഷ് വര്‍ഗീസ് മുഖ്യസന്ദേശം നല്‍കും. മുംബൈ മുള്ളുണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക അസിസ്റ്റന്റ് വികാരി കൂടിയാണ്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാലസിലെ 21 ഇടവകളിലെ ഗായകര്‍ ഉള്‍പ്പെടുന്ന എക്യൂമെനിക്കല്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക യൂത്ത് സെമിനാര്‍ ഉണ്ടായിരിക്കുന്നതാണെന്ന് ചുമതലക്കാര്‍ അറിയിച്ചു.
1979 ല്‍ ഡാലസില്‍ ആരംഭിച്ച കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പില്‍ ഇന്ന് വിവിധ സഭകളില്‍പ്പെട്ട ഏകദേശം 21 ഇടവകകള്‍ അംഗങ്ങളാണ്. ഡാലസിലെ പ്ലാനോയില്‍ ഉള്ള സെന്റ്.പോള്‍സ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രാജു ഡാനിയേല്‍ കോര്‍ എപ്പിസ്കോപ്പ പ്രസിഡന്റും, അലക്സ് അലക്സാണ്ടര്‍ ജനറല്‍ സെക്രട്ടറിയും, റവ.ജിജോ അബ്രഹാം വൈസ്.പ്രസിഡന്റും, ബിജോയ് ഉമ്മന്‍ ട്രസ്റ്റിയും, ജോണ്‍ തോമസ് ക്വയര്‍ കോഓര്‍ഡിനേറ്ററും, ലിതിന് ജേക്കബ് യൂത്ത് കോഓര്‍ഡിനേറ്ററും ആയ 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഡാലസിലെ കെഇസിഎഫിന് (KECF) ചുക്കാന്‍ പിടിക്കുന്നത്.
ഡാലസിലെ എല്ലാവിശ്വാസികളെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന സംയുക്ത കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..