-
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ യോജിപ്പിന്റെ വിളംബരമായി കൈരളി യുകെ പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി 5 ന് ലണ്ടനിലെ ഹീത്രൂവില്‍ ഹൃദ്യമായ കലാവിരുന്നിന്റെ അകമ്പടിയില്‍ ഉജ്ജ്വല പ്രതിഭ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ:ജി.എസ്. പ്രദീപാണ് കൈരളി യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരി തെളിച്ചത്. രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിയ രാജന്‍ പരിപാടികള്‍ നിയന്ത്രിച്ചു.
കൈരളിയുടെ ഉദ്ഘാടനവേദില്‍ നടന്ന കലാസന്ധ്യയില്‍ പ്രതിഭാധനരായ നിരവധി കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. പ്രഗത്ഭ നര്‍ത്തകിമാരായ ഡോ: മീനാ ആനന്ദ്, അമൃത ജയകൃഷ്ണന്‍, പഞ്ചാബി നടിയും ഗായികയുമായ രൂപ് കട്കര്‍, പഞ്ചാബി കലാകാരനായ അസിം ശേഖര്‍, തെരുക്കൂത്ത് കലാകാരന്‍ ജിഷ്ണു ദേവ്, അനുഗ്രഹീത ഗായകന്‍ ഹരീഷ് പാല, കലാസാംസ്‌കാരിക പ്രവര്‍ത്തകനായ എബ്രഹാം കുര്യന്‍, അലക്ത ദാസ്, മഞ്ജു റെജി തുടങ്ങിയവര്‍ അരങ്ങിലെത്തി. പ്രമുഖ ഡിജെ നിധി ബോസ്സ് ഏറെ പുതുമയുള്ള ലിക്വിഡ് ഡ്രം പരിപാടി അവതരിപ്പിച്ചു. ഉയര്‍ന്ന ഐക്യു നിലവാരമുള്ളവരുടെ കൂട്ടായ്മയായ മെന്‍സ ക്ലബ്ബില്‍ അംഗത്വം നേടിയ യുകെയില്‍ താമസിക്കുന്ന മലയാളി ബാലന്‍ ആലിം ആരിഫിനെ (10)ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, കൈരളി ടിവി അശ്വമേധം പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്ന സന്തോഷ് പാലി, റേഡിയോ ലൈം ഡയറക്ടര്‍ ലിന്‍സ് അയ്‌നാടന്‍ എന്നിവര്‍ നയിച്ച അറിവിന്റെ മാമാങ്കമായ അശ്വമേധം അരങ്ങേറി.
കൈരളി യുകെയുടെ പ്രഥമ പ്രസിഡന്റ് ആയി പ്രിയ രാജനെയും സെക്രട്ടറി ആയി കുര്യന്‍ ജേക്കബിനെയും തിരഞ്ഞെടുത്തു. സംഘടനയുടെ ആദ്യ സമ്മേളനം ഏതാനും മാസങ്ങള്‍ക്കകം നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നാടിന്റെയും നാട്ടാരുടെയും നന്മക്കായി ഒരുമിച്ചു കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ എല്ലാവരും കൈരളി യുകെയില്‍ അണിചേരണമെന്നു കൈരളി യുകെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..