ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പ്രതിഷേധത്തിൽ നിന്ന്
ന്യൂജേഴ്സി: ഹാത്റാസില്‍ കൂട്ടബത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജേഴ്സിയില്‍ പ്രതിഷേധം.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ ഒക്ടോബര്‍ 10 നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്വന്തം മാതാപിതാക്കള്‍ക്ക് പോലും ഒരു നോക്ക് കാണാന്‍ അവസരം നല്‍കാതെ അര്‍ധരാത്രിയില്‍ തന്നെ ചിതയൊരുക്കി തെളിവുകള്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശ് പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ നിശിതമായി വിമര്‍ശിച്ചു.
പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗം നടത്തി രക്ഷപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഐ.എ.എം.സി. ന്യൂജേഴ്സി യൂണിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്ത്യാ സിവില്‍ വാച്ച്, സാധന, സ്റ്റുഡന്റ്സ് എഗന്‍സ്റ്റ് ഹിന്ദുത്വ ഐഡിയോളജി, മുസ്ലീം ഫോര്‍ പ്രോഗസ്സീവ് വാല്യൂസ് എന്നീ സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി ജനങ്ങളെ സേവിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്ന് ഐ.എ.എം.സി. ജനറല്‍ സെക്രട്ടറി ജാവേദ് ഖാന്‍ കുറ്റപ്പെടുത്തി. യു.പി. ഗവണ്‍മെന്റിനെതിരായും മുഖ്യമന്ത്രിയ്ക്കെതിരായും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചാണ് സമരത്തില്‍ പങ്കുചേര്‍ന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..