-
ഫോര്‍ട്ട് വര്‍ത്ത്: ജൂലായ് 27-ന് പുലര്‍ച്ചെ ഫോര്‍ട്ട് വര്‍ത്ത് ബ്രയാന്റ് ഇര്‍വിംഗ് റോഡിലെ വീടിനു പുറകില്‍ പാര്‍ട്ടി നടത്തിയിരുന്നവര്‍ക്ക് നേരെ വെടിവെച്ച പ്രതിയെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി. പ്രതി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി തുടങ്ങിയ പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പ്രതി എന്തോ പ്രശ്നത്തെതുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്തുപോകുകയും മറ്റൊരാളുമായി വീണ്ടും പാര്‍ട്ടിയിലേക്ക് വരികയും ചെയ്തു. തുടര്‍ന്നാണ് പ്രതി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പിന്തുടര്ന്നു. ഇവര്‍ക്ക് നേരെയും പ്രതി വെടിയുതിര്‍ത്തു. ഇതില്‍ പ്രകോപിതരായി ജനക്കൂട്ടം കയ്യില്‍ കിട്ടിയ കല്ലെടുത്ത് പ്രതിക്കു നേരെ എറിയുകയായിരുന്നു. നിലത്തുവീണ പ്രതി അവിടെ കിടന്ന് തന്നെ മരിച്ചു.
പോലീസ് മരണം സ്ഥിരീകരിച്ചുവെങ്കിലും മരണകാരണം വെളിപ്പെടുത്തിയില്ല. സംഭവത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടതായും ഫോര്‍ട്ട് വര്‍ത്ത് പോലീസ് പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പരസ്പരം പരിചയമുള്ളവരാണെന്നും ആരുടെയും പേരുവിവരം ഇപ്പോള്‍ വെളിപ്പെടുത്തുകയില്ലെന്നും ആരുടെയും പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നും ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ട്രേയ്സി കാര്‍ട്ടര്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..