.
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താ പൗരോഹിത്യ ശുശ്രൂഷയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചു. 1972 ജൂണ്‍ 24 ന് മലങ്കര മാര്‍ത്തോമ്മാ സഭയുടെ ശെമ്മാശനായി തുടക്കം കുറിച്ച ബിഷപ്പ് ഡോ.മാര്‍ തിയോഡോഷ്യസ് 2020 ജൂലൈ 12 ന് സഫ്രഗന്‍ മെത്രാപ്പോലീത്തയായും, 2020 നവംബര്‍ 14 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പോലീത്തയായും ചുമതലയേറ്റു.
1949 ഫെബ്രുവരി 19 ന് ജോര്‍ജ്ജ് ജേക്കബ് എന്ന പേരുകാരനായ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ കേരളത്തിലെ കൊല്ലം ജില്ലയിലെ അഷ്ടമുടിയില്‍ കിഴക്കേചക്കാലയില്‍ കുടുംബത്തിലെ ഡോ.കെ.ജെ. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ അഷ്ടമുടിയിലും പെരുമണ്ണിലുമുള്ള പാവപ്പെട്ടവരുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു.
മാതാപിതാക്കളോടൊപ്പം അന്നത്തെ അഷ്ടമുടി പള്ളി വികാരി റവ.ഇ.ജെ. ജോര്‍ജ്ജ്, കൗമാരക്കാരനായ ജോര്‍ജ്ജ് ജേക്കബിനെ ക്രിസ്തീയ ശുശ്രൂഷയുടെ ഭാഗമാക്കാന്‍ പ്രധാനമായും സ്വാധീനിച്ചു. എം.ടി സെമിനാരി ഹൈസ്കൂളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം ബസേലിയോസ് കോളേജില്‍ പ്രീഡിഗ്രി. തിരുവല്ലയിലെ മാര്‍ത്തോമ്മാ കോളേജില്‍ നിന്ന് 1969-ല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം, മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ലിയനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് 1972-ല്‍ ബിഡി ബിരുദം നേടി. ഇരുപത്തിമൂന്നാം വയസ്സില്‍, മാര്‍ത്തോമ്മാ സഭയുടെ ശെമ്മാശനായി അഭിഷിക്തനായി. തുടര്‍ന്ന് കശീശ്ശായായി സഭയുടെ വൈദീക ശുശ്രുഷയില്‍ പ്രവേശിച്ചു.
1979-80 കാലഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ ശാന്തി നികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ താരതമ്യ മതപഠനം എന്ന വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. 1980-1986 കാലഘട്ടത്തില്‍ കാനഡയിലെ ഹാമില്‍ട്ടണിലെ മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടി. 1989 ഡിസംബറിലാണ് റവ.ഡോ.ജോര്‍ജ് ജേക്കബ് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്.
2009 - 2016 കാലഘട്ടത്തില്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ അധിപനായിരുന്ന ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപൊലീത്തായ്ക്ക് പൗരോഹിത്യ ശുശ്രുഷയുടെ 50 വര്‍ഷം പൂര്‍ത്തീകരിച്ചതിലുള്ള ആശംസകളും, പ്രാര്‍ത്ഥനയും ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസും, സഭയിലെ വൈദീകരും, വിശ്വാസ സമൂഹവും നേര്‍ന്നു.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..