
-
വെര്‍ജിനിയ: വെര്‍ജിനിയ സംസ്ഥാനത്തെ 74-ാമത് ഗവര്‍ണറായി ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു. 2009 നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. വെര്‍ജിനിയ റിച്ച്മോണില് ജനവരി 15 നാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ചുമതലയേറ്റത്. ഗവര്‍ണര്‍ക്കൊപ്പം ലഫ്റ്റനന്റ് ഗവര്‍ണറായി വില്സം സിയേഴ്സും അറ്റോര്‍ണി ജനറലായി ജെയ്സണ്‍ മിയാര്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
2021 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ടെറി മെക്ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1.600116 (48.6%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗ്ലെന്‍ 1663596 (50.6%) വോട്ടുകള്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടു തവണ ഗവര്‍ണറായി മത്സരിക്കുന്നതിന് വെര്‍ജിനിയ ഭരണഘടന അനുവദിക്കാത്തതിനാല്‍ നിലവിലുള്ള ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍ഫ് നോര്തമിന് മത്സരിക്കാനായില്ല.
വെര്‍ജിനിയ സംസ്ഥാനത്തെ സാമ്പത്തികം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഗ്ലെന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
വ്യവസായിയായ ഗ്ലെന്‍ മെയ് 8ന് ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിപ്പിച്ച സംസ്ഥാനമാണ് വെര്‍ജിനിയ. ഇതിന് മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റണ് ഇവിടെ 5 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..