-
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ട്രംപിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മൈക്കിള്‍ ഫ്ലിനെതിരെയുള്ള ക്രിമിനല്‍ കേസ് കേള്‍ക്കുന്ന ഫെഡറല്‍ ജഡ്ജിയെ വധിക്കുമെന്ന് വോയ്സ് മെയിലിലൂടെ ഭിഷണിപ്പെടുത്തിയ ആള്‍ക്ക് 18 മാസം ജയില്‍ ശിക്ഷ. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫ്രാങ്ക് കാപറുസൊ (53) ക്കാണ് ജൂലായ് 19 ന് ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്.
മെയ് മാസം അവസാനമാണ് ജഡ്ജിക്ക് സന്ദേശം ലഭിച്ചത്. ജഡ്ജി എമിറ്റ് സള്ളിവാനാണ് കേസ് കേട്ടുകൊണ്ടിരുന്നത്. ഭീഷണി ജഡ്ജിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നുവെന്നും തന്റെ മക്കള്‍ സുരയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും എമിറ്റ് പറഞ്ഞു.
ഫ്രാങ്കിന്റെ ഭീഷണി സള്ളിവാനെ മാത്രമല്ല മറ്റു ഫെഡറല്‍ ജഡ്ജിമാര്‍ക്കും അപകടസൂചന നല്‍കുന്നതാണെന്ന് തിങ്കളാഴ്ചയിലെ വിധിന്യായത്തില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ട്രിവര്‍ മക്കഫേഡന്‍ പറഞ്ഞു. ഫെഡറല്‍ ജഡ്ജിയുടെ സ്റ്റാഫംഗങ്ങള്‍ക്കും ഈ ഭീഷണി ഭീതി ജനകമായിരുന്നുവെന്നും വിധിയില്‍ പറയുന്നു.
ഓറഞ്ച് ജംപ്സ്യൂട്ട് ധരിച്ചു സെന്‍ട്രല്‍ വെര്‍ജീനിയ റീജിയണല്‍ ജയിലില്‍ നിന്നും കോടതിയിലെത്തിയ ഫ്രാങ്ക് കഴിഞ്ഞ വര്‍ഷം തനിക്ക് വലിയൊരപകടം സംഭവിച്ചിരുന്നുവെന്നും ഭീഷണി അയക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നുവെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചു. ഇതിന് ശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.
വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..