-
ന്യൂജേഴ്സി: ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സര്‍വകലാശാല വിജ്ഞാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. (ഗവേഷണ) പ്രബന്ധത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. 2017 ഡിസംബര്‍ ഒന്നു മുതല്‍ 2019 നവംബര്‍ ഡിസംബര്‍ വരെയും 2019 ഡിസംബര്‍ ഒന്നു മുതല്‍ 2021 നവംബര്‍ 30 വരെയുമുള്ള കാലയളവില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും മലയാളത്തില്‍ പി.എച്ച്.ഡി. ലഭിച്ചവര്‍ക്ക് പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം. അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 29 ആണ്. അപേക്ഷകള്‍ അയക്കേണ്ട വിലാസം: രജിസ്ട്രാര്‍, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം- 695034.
ലോകത്തിലെ തന്നെ ആദ്യത്തെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷയുടെ പരിപോഷണത്തിനായി 1991 ലാണ് ഭാഷക്കൊരു ഡോളര്‍ എന്ന അഭിമാന പദ്ധതി ആരംഭിച്ചത്. 1991ല്‍ വാഷിങ്ടണ്‍ ഡി.സി.യില്‍ നടന്ന കണ്‍വെന്‍ഷനില്‍ അന്നത്തെ ഫൊക്കാന പ്രസിഡന്റ് പാര്‍ത്ഥസാരഥിപിള്ളയാണ് ഭാഷക്കൊരു ഡോളര്‍ എന്ന പദ്ധതി നടപ്പില്‍ വരുത്തിയത്. അദ്ദേഹത്തോടൊപ്പം വാഷിങ്ടണ്‍ ഡി.സിയില്‍ നിന്നു തന്നെയുള്ള ഫൊക്കാനയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് പരേതനായ സണ്ണി വൈക്ലിഫ്, ഫൊക്കാനയുടെ മറ്റൊരു നേതാവും സാഹിത്യകാരനും ഡോക്ടറുമായ ഡോ.എം.വി.പിള്ള എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഭാഷക്കൊരു ഡോളര്‍ പദ്ധതിയെ അമേരിക്കന്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിന് 50,000 രൂപയാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നല്‍കിവരുന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വച്ചാണ് അവാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍ 2017 ഡിസംബര്‍ ഒന്നു മുതല്‍ 2019 നവംബര്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം കോവിഡ് മഹാമാരി മൂലം നല്‍കാന്‍ കഴിഞ്ഞില്ല. ഇത്തവണ രണ്ട് അവാര്‍ഡുകളും ഒരുമിച്ചു തന്നെ നല്‍കാനാണ് തീരുമാനിച്ചതെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
ഫെബ്രുവരി 26ന് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റില്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വച്ച് നിരവധി വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..