-
ന്യൂജേഴ്സി: കോവിഡ് മഹാമാരിയുടെ കനത്ത പ്രഹരമേറ്റു തളര്‍ന്ന കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന. ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ആദ്യ ഗഡുവായി സ്വരൂപിച്ച ഒരുകോടിയിലധികം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരും.
ശനിയാഴ്ചയായിരുന്നു ന്യൂയോര്‍ക്കില്‍ നിന്ന് വിമാന മാര്‍ഗം മെഡിക്കല്‍ ഉപകരണങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചത്. മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്കുള്ള ഫൊക്കാനയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപയുടെ ചെക്കും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് വെര്‍ച്വല്‍ ആയി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തുക സംസ്ഥാന അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ഫൊക്കാനയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ഇത് ചരിത്രപരമായ നേട്ടമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഉണ്ടായ കഴിഞ്ഞ രണ്ടു മഹാപ്രളയ കാലത്തും ഫൊക്കാന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരുന്നു.
ശനിയാഴ്ച്ചയാണ് 42 ബോക്‌സുകള്‍ വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്ന് വിമാനമാര്‍ഗം കയറ്റി അയച്ചത്. വെന്റ്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, N95 മാസ്‌കുകള്‍, KN95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, ഫേസ് ഷീല്‍ഡുകള്‍, ഡിസ്‌പോസബിള്‍ സ്റ്റെറിലൈസ്ഡ് കൈയുറകള്‍, ഡിസ്പോര്‍സബിള്‍ റിസസിറ്റേറ്റര്‍ (resuscitator) തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിലായി കയറ്റി അയച്ചിരിക്കുന്നത്.
ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം തുകയുടെ ഉപകരണങ്ങള്‍ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞത് ഒരു മഹത്തായ ദൗത്യം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കഴിഞ്ഞ രണ്ടു മഹാപ്രളയകാലങ്ങളിലും യഥാസമയം കേരളത്തിന് സഹായ ഹസ്തവുമായി ഫൊക്കാന എത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഫൊക്കാനയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നാണിതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.
റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ മലയാളിയായ ലെജിസ്ലേച്ചര്‍ ഡോ. ആനി പോളിന്റെ ഊറ്റമായ പിന്തുണകൊണ്ടും സഹായങ്ങള്‍കൊണ്ടുമാണ് ഇത്രയേറെ മെഡിക്കല്‍ ഉപകരണങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി പറഞ്ഞു. ഡോ. ആനി പോള്‍ വഴി റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ ആശുപത്രികളിലെ മേധാവികളുമായി നിരന്തരമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായാണ് മെഡിക്കല്‍ സമഗ്രഹികള്‍ സംഭരിക്കാനായത്. രാമപോ ടൗണ്‍ഷിപ്പ്, ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റല്‍, ആള്‍ട്ടോര്‍ സേഫ്റ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് മെഡിക്കല്‍ ഉപകാരങ്ങള്‍ സംഭാവനയായി നല്‍കിയത്.
ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണിയും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പും ഫോക്കാന കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളിയും ചേര്‍ന്നാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയത്.
കഴിഞ്ഞയാഴ്ച്ചയാണ് മെഡിക്കല്‍ സാമഗ്രികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് സംഭരിച്ചത്. ഇവ പിന്നീട് ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണിയുടെ ന്യൂജേഴ്‌സിയിലുള്ള വസതിയിലെത്തിച്ച് പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ശേഷം ന്യൂയോര്‍ക്കിലുള്ള ഷിപ്പിംഗ് കമ്പനിയായ ടി.എസ്. എ വെയര്‍ ഹൗസിലേക്ക് കയറ്റി അയച്ചു.
ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ഫോക്കാന കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കെ.സി.എഫ് പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവുമായ കോശി കുരുവിള, മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളില്‍, സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍, സജിമോന്‍ ആന്റണിയുടെ ഭാര്യ ഷീന, മക്കളായ ഈവ, എവിന്‍, ഈത്തന്‍ എന്നിവര്‍ പായ്ക്കിങ്ങിനും ലേബലിംഗിനും കയറ്റി അയയ്ക്കാനും സഹായിച്ചു.
മലയാളി അസോസിഷന്‍ ഓഫ് ന്യൂ ജേഴ്‌സി (മഞ്ച്), കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ, ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഐ.എം.എ), ഗ്രാമം- റിച്ച്‌മോണ്ട്, വനിതാ- കാലിഫോര്‍ണിയ, മങ്ക-കാലിഫോര്‍ണിയ എന്നീ അസോസിഷനുകളും വാക്‌സീന്‍ ചലഞ്ചിലേക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയിരുന്നു. കൂടാതെ ഫൊക്കാനയുടെ മറ്റ് അംഗങ്ങളും അംഗസംഘടനകളും വാക്‌സീന്‍ ചലഞ്ചിലേക്ക് ഫൊക്കാന വഴിയും നേരിട്ടും സംഭാവനകള്‍ നല്‍കിയിരുന്നു.
കേരളത്തില്‍ ഇന്നു വരെയുണ്ടായിട്ടുള്ള ഏതു പ്രതിസന്ധികളിലും മുന്‍പന്തിയില്‍ നിന്നു സഹായിച്ച ചരിത്രമുള്ള ഫൊക്കാന വരും കാലങ്ങളിലും കേരളത്തിന്റെ പ്രതിസന്ധികളില്‍ തുടര്‍ന്നും മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്ന്പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..