-
ന്യൂജേഴ്സി: കേരളത്തിന് ഇപ്പോള്‍ അടിയന്തിരമായ സഹായം വേണ്ടത് എല്ലാവരിലും വാക്സിന് എത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് മുകൈയ്യെടുത്ത് ആരംഭിച്ച വാക്സീന് ചലഞ്ച് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഓക്സിജന്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്നും ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനുള്ള ഓക്സിജന്‍ സംഭരണം കേരളത്തിനുണ്ടെന്നും ഫൊക്കാന നേതാക്കളുമായി ഫോണില്‍ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
ഓക്സിജന്റെ കാര്യത്തില്‍ ആകുലത വേണ്ട. എല്ലാവരിലും വാക്സിന് എത്തിക്കുക എന്ന ഭഗീരഥ പ്രയത്നത്തിലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ദ്രവീകൃത (കോണ്‍സെന്‍ട്രേറ്റഡ്) ഓക്സിജന്‍, ഓക്സി മീറ്റര്‍ ഉള്‍പ്പെടയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും ആവശ്യം വര്‍ധിച്ചു വരുന്ന സഹചര്യത്തില്‍ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന് ഒരു വലിയ സഹായമായിരിക്കും.
കോവിഡ് മഹാമാരി കേരളത്തില്‍ സമ്പൂര്‍ണമായും കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായാല്‍ പോലും സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് ഓക്സിജന്‍ സംഭരണമുണ്ട്. അത്തരം സാഹചര്യം ഉടലെടുത്താല്‍ അന്യസംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ഓക്സിജന്‍ അല്‍പ്പമൊന്നു പിടിച്ചു വയ്ക്കേണ്ടിവരും. -മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായിട്ടാണ് എല്ലാ കേരളീയര്‍ക്കും വാക്സിന് നല്‍കാനാണ് തീരുമാനം. അതിനായിട്ടാണ് 'വാക്സിന് ചലഞ്ച്' എന്ന യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അതിന് ഭാരിച്ച ചെലവ് വേണ്ടി വന്നേക്കാം. എക്കാലത്തെയും പോലെ മലയാളികള്‍ പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ അവസരത്തിനൊത്ത് സഹായഹസ്തവുമായി വരുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. വാക്സീന് ചലഞ്ചിന് കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും വന്‍ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.- മന്ത്രി പറഞ്ഞു.
നോര്‍ക്ക റൂട്ട് വൈസ് ചെയര്മാന് വരദരാജന് നായരുമായി ഫൊക്കാന നേതൃത്വം ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കയറ്റുമതിക്ക് ആവശ്യമായ രേഖകള്‍ അദ്ദേഹം ഫൊക്കാന ഭാരവാഹികള്‍ക്ക് അയച്ചുനല്‍കിയതായും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..