ഫൊക്കാനയ്ക്ക് ഹെല്‍ത്ത് കാര്‍ഡും സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാമും നിലവില്‍ വന്നു


2 min read
Read later
Print
Share

-

ന്യൂജേഴ്സി: ഫൊക്കാനയുടെ പ്രവര്‍ത്തന മേഖലയില്‍ അഭിമാനമായി ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് നിലവില്‍ വന്നു. ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടിലെ ബന്ധുമിത്രാധികള്‍ക്കും പ്രയോജനകരമാകുന്ന ഒട്ടേറെ ഇളവുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുകൊണ്ട് ആരംഭിച്ച ഹെല്‍ത്ത് കാര്‍ഡിന്റെയും ഫൊക്കാനയുടെ കുടുംബാംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ സ്റ്റുഡന്റ് എന്റിച്ചുമെന്റ് പരിപാടിയുടെയും ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ശനിയാഴ്ച്ച രാവിലെ വെര്‍ച്വല്‍ ആയി നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

കേരളത്തിലെ ആരോഗ്യമേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് രാജഗിരി കോളേജ് ഒരു അഭിമാനസ്തംഭമായി വളര്‍ന്നു കഴിഞ്ഞതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. രാജഗിരി കോളേജ് ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കാര്യം തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സി.എം.ഐ സഭയും രാജഗിരി ഇന്‍സ്റ്റിറ്റിയൂഷനുകളും അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുമായി തനിക്ക് പ്രത്യേക സ്നേഹബന്ധമുണ്ടെന്നു പറഞ്ഞ ശൈലജ ടീച്ചര്‍ താന്‍ ആദ്യമായി അമേരിക്കയില്‍ വന്നത് ഫൊക്കാനയുടെ ക്ഷണം സ്വീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നുവെന്നും വ്യക്തമാക്കി.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ.ജോണ്‍സണ്‍ വാഴപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. മറ്റൊരു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസിന് ഔദ്യോഗിക തിരക്കുകള്‍ മൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ആശംസകള്‍ ഫൊക്കാന ഭാരവാഹികളെ അറിയിച്ചു.

റോക്ക് ലാന്‍ഡ് കൗണ്ടി മെജോറിറ്റി ലീഡറും ലെജിസ്ലേച്ചറുമായ ഡോ.,ആനി പോള്‍ ആയിരുന്നു മറ്റൊരു പ്രധാന അതിഥി. താന്‍ ഫാക്കല്‍റ്റി ആയ വെസ്റ്റ് നായ്ക്ക് ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ടൂറിന്റെ ഭാഗമായി ബാംഗ്ലൂരിലെ ഹോസ്പിറ്റലുകളില്‍ അയയ്ക്കാറുണ്ടെന്നു പറഞ്ഞ ഡോ. ആനി പോള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഇനി മുതല്‍ രാജഗിരി ഹോസ്പിറ്റിലേക്കും അയയ്ക്കുന്നതില്‍ തലപ്പര്യമുണ്ടെന്നും അറിയിച്ചു.

രാജഗിരി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സണ്ണി ഓരത്തേല്‍ മെഡിക്കല്‍ കാര്‍ഡിനെക്കുറിച്ച് വിശദീകരിച്ചു. രാജഗിരി ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡോ. മാത്യു ജോണ്‍ സ്റ്റുഡന്റ് എന്റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചു വിശദീകരിച്ചു. രാജഗിരി ഹോസ്പിറ്റല്‍ റിലേഷന്‍സ് ജനറല്‍ മാനേജര്‍ ജോസ് പോള്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഫൊക്കാന-രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ കാര്‍ഡ്-സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടപ്പില്‍ വരുത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ച സെക്രട്ടറി സജിമോന്‍ ആന്റണിയെ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസും മറ്റു ഫൊക്കാന നേതാക്കളും പ്രശംസിച്ചു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ഫൊക്കാന ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ടെക്നിക്കല്‍ കോര്‍ഡിനറ്റര്‍ പ്രവീണ്‍ തോമസ് സൂം മീറ്റിംഗ് നിയന്ത്രിച്ചു. സുഷ്മ പ്രവീണ്‍ (വാഷിങ്ടണ്‍ ഡി.സി.) പ്രാര്‍ത്ഥന ഗാനവും ഡോ.കല ഷഹി ദേശീയ ഗാനവും ആലപിച്ചു. ഫൊക്കാന ട്രഷര്‍ സണ്ണി മറ്റമന സ്വാഗതവും സെക്രട്ടറി സജിമോന്‍ ആന്റണി നന്ദിയും പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : തടത്തില്‍ ഫ്രാന്‍സിസ്

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented