-
ന്യൂജേഴ്സി: ഫൊക്കാനയുടെ കര്‍മ്മപദ്ധതികളില്‍ തിലകക്കുറിയാകുന്ന ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് ആന്‍ഡ് സ്റ്റുഡന്റ് എന്റിച്ചുമെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 ന് ന്യൂയോര്‍ക്ക് സമയം രാവിലെ 11 ന് (8.30 PM IST) സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റല്‍ ആന്‍ഡ് രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു നടപ്പില്‍ വരുത്തുന്ന പദ്ധതിയുടെ പ്രവത്തനോദ്ഘാടനത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷനായിരിക്കും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറും മെജോറിറ്റി ലീഡറുമായ ഡോ.ആനി പോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ജോണ്‍സന്‍ വാഴപ്പള്ളി, ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി.ഒരാത്തേല്‍, ഡോ.മാത്യു ജോണ്‍ (രാജഗിരി ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ പേഷ്യന്റ് സര്‍വീസസ്), ജോസ് പോള്‍ (ജനറല്‍ മാനേജര്‍ റിലേഷന്‍സ്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
കേരളത്തിലെ സി.എം.ഐ സഭയുടെ എറണാകുളം പ്രോവിന്‍സിനു കീഴിലുള്ള കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലുമായും രാജഗിരി കോളേജുമായും സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒട്ടേറെ നൂതനമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫൊക്കാനയിലെ എല്ലാ അംഗ സംഘടനയിലെ അംഗങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡ് ലഭ്യമാകുന്ന അംഗങ്ങള്‍ക്ക് കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലില്‍ ഇന്‍ പേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലും റേഡിയോളജി സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള ടെസ്റ്റിംഗുകള്‍ക്കും 10 മുതല്‍ 50 ശതമാനം വരെ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫൊക്കാന ഗോള്‍ഡ് ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ്, ഫൊക്കാന റോയല്‍ ഹെല്‍ത്ത് പാക്കേജ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഡിസ്‌കൗണ്ട് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്‍ പേഷ്യന്റ് വിഭാഗങ്ങളില്‍ എത്തുന്ന ഇന്റര്‍നാഷണല്‍ രോഗികള്‍ക്ക് സൗകര്യപ്രദമാകുന്ന ഒട്ടേറെ മറ്റു സേവനങ്ങളും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്കും ലഭ്യമായിരിക്കും. മരുന്ന്, ഭക്ഷണപാനീയങ്ങള്‍ ഒഴികെയുള്ള രാജഗിരി ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങള്‍ക്കും ഡിസ്‌കൗണ്ട് കാര്‍ഡ് പ്രകാരമുള്ള സേവനങ്ങള്‍ ലഭ്യമായിരിക്കും. സേവനം ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് രാജഗിരി ഹോസ്പിറ്റലിലെ ഫ്രന്റ് ഡെസ്‌കില്‍ കാണിച്ചാല്‍ മാത്രം മതിയാകും. ഫൊക്കാന- രാജഗിരി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഹോസ്പിറ്റലില്‍ പ്രത്യേക പരിഗണയും ലഭ്യമായിരിക്കുമെന്ന് രാജഗിരി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള ഹോസ്പിറ്റലിനു പുറമെ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ കോളേജ്, സോഷ്യല്‍ സയന്‍സ് കോളേജ്, പബ്ലിക്ക് സ്‌കൂള്‍സ് എന്നിവ ഉള്‍പ്പെടുന്ന ബാഹൃത്തായ സ്ഥാപനങ്ങളാണ് രാജഗിരി ഇന്‍സ്റ്റിട്യൂഷനുകള്‍ക്ക് കീഴിലുള്ളത്. രാജഗിരിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ലോകോത്തര നിലവാരമുള്ളവയാണെന്ന് വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ ഇതിനകം വിലയിരുത്തിയിട്ടുള്ളതാണ്. ജോയിന്റ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ച ഹോസ്പിറ്റല്‍ ആണ് രാജഗിരി ഹോസ്പിറ്റല്‍. രാജഗിരി സ്‌കൂളുകള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അംഗീകാരവുമുണ്ട്.
ഫൊക്കാനയുടെ അമേരിക്കയിലും കാനഡയിലുമുള്ള അംഗങ്ങളുടെ മക്കള്‍ക്കുവേണ്ടി രൂപകല്‍പന ചെയ്തിരിക്കുന്ന രണ്ട് മുതല്‍ മൂന്ന് ആഴ്ചവരെയുള്ള സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് /ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലും കാനഡയിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഈ കാലയളവില്‍ രാജഗിരി ഹോസ്പിറ്റലിലെയും എഞ്ചിനീയറിംഗ് ആന്‍ഡ് എം.ബി.എ കോളേജുകളിലെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ റൊട്ടേഷന്‍ പരിശീലന സൗകര്യമേര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതി. രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലും കാനഡയിലും റൊട്ടേഷന്‍ പരിശീലനം ഏര്‍പ്പെടുത്തുന്ന പദ്ധതിയും വിഭാവനം ചെയ്തുവരികയാണ്.
നാളെ രാവിലെ വെര്‍ച്ച്വല്‍ മീറ്റിംഗിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലെ അംഗങ്ങളും പങ്കുചേര്‍ന്ന് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡൈ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെംബര്‍മാര്‍, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങിവര്‍ അഭ്യര്‍ത്ഥിച്ചു.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍ :
Meeting ID: 822 2933 9500
Passcode: 2021
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..