ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18-ാമത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോര്‍ത്തമേരിക്കയിലെയും കാനഡയിലെയും മുഴുവന്‍ ഐപിസി സഭകളും മാര്‍ച്ച് 1 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്‌തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളിലും ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. നാഷണല്‍ - ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ തങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മാര്‍ച്ച് 9 ന് ഷിക്കാഗോയിലും ഏപ്രില്‍ 19 ന് അറ്റ്‌ലാന്റയിലും ഏപ്രില്‍ 26 ന് ഹൂസ്റ്റണിലും ജൂണ്‍ 7 ന് ഫ്‌ളോറിഡയിലും പ്രമോഷന്‍ മീറ്റിംഗുകള്‍ നടത്തുവാന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു. കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ www.ipcfamilyconference.comഎന്ന വെബ്‌സൈറ്റ് വഴി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം 'അതിരുകളില്ലാത്ത ദര്‍ശനം' എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605 - 313 - 5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ലൈനില്‍ പ്രവേശിക്കാവുന്നതാണ്.
വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..