.
മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ ആയ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ജോസ് അഞ്ചാനിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ പിന്നണി ഗായകരായ സാംസണ്‍ സെല്‍വന്‍, അഭിജിത്, അരാഫത് കടവില്‍, ഡെല്‍സി എന്നിവര്‍ പാടിക്കയറിയപ്പോള്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് മെഗാ ഷോ മികച്ച വിരുന്നായി. ഭക്തി ഗാനത്തില്‍ തുടങ്ങി സെമി ക്ലാസ്സിക്കലിലൂടെ അടിപൊളി പാട്ടുകളിലേക്കു കടന്നപ്പോള്‍ നൃത്ത ചുവടുകളുമായി കാണികളും ഒപ്പം ചേര്‍ന്നതോടെ ഏവര്‍ക്കും മറക്കാനാവാത്ത ആഘോഷരാവിനാണ് ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്.
തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ ഇന്നലെ വൈകുന്നേരം കൊടിയേറ്റ് നിര്‍വഹിച്ചു. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തിയായിരുന്നു പിതാവ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന ദിവ്യബലി മധ്യേ 16 കുട്ടികള്‍ ആണ് പിതാവില്‍ നിന്നും ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചത്. ഗില്‍ഡ് റൂമില്‍ നിന്നും പ്രദക്ഷിണമായി അള്‍ത്താര സംഘവും വൈദീകരും, പിതാവും, ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള കൂട്ടികളും അള്‍ത്താരയില്‍ എത്തിയതോടെ നടന്ന പ്രാര്‍ത്ഥനകളോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടന്നു. കാഴ്ചവെപ്പിനെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും വെഞ്ചരിപ്പും നടന്നു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ നേതൃത്വം നല്‍കി.
ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ക്ക് പിതാവും ജോസ് അച്ചനും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ പിതാവിന് ഇടവക സമൂഹത്തിന്റെ പേരില്‍ ജോസ് അച്ചന്‍ നന്ദി രേഖപ്പെടുത്തി.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍,ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം. ST.ANTONY'S CHURCH WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR
വാര്‍ത്തയും ഫോട്ടോയും : സാബു ചുണ്ടക്കാട്ടില്‍
Content Highlights: dukrana thirunnal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..