ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്
ന്യൂയോക്ക്: കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ 22-ാമത് മെത്രാപ്പോലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്താ നവംബര്‍ 14 ന് സ്ഥാനമേല്‍ക്കും.
ഒക്ടോബര്‍ 27ന് സഭയുടെ ആസ്ഥാനമായ തിരുവല്ലയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സിനഡ് ആണ് തീരുമാനം എടുത്തത്. ശനിയാഴ്ച സഭാ അസ്ഥാനത്തുള്ള ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഓഡിറ്റോറിയത്തില്‍ കൂദാശ ചെയ്ത താല്‍ക്കാലിക മദ്ബഹായില്‍ വെച്ച് രാവിലെ 8 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷയോടനുബന്ധിച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുക.
അന്നേ ദിവസം രാവിലെ 11 മണിക്ക് നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തില്‍ പ്രമുഖ സാമൂഹിക, സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോള്‍ നിയമം അനുസരിച്ചായിരിക്കും ചടങ്ങുകള്‍ നടത്തപ്പെടുക എന്ന് സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അറിയിച്ചു.
കൊല്ലം അഷ്ടമുടി ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയില്‍ കിഴക്കേചക്കാലയില്‍ ഡോ.കെ.ജെ ചാക്കോയുടെയും, മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 19 ന് ജനിച്ച ബിഷപ് ഡോ.മാര്‍ തിയഡോഷ്യസ് 1973 ഫെബ്രുവരി 24 ന് സഭയിലെ വൈദികനായി. 1989 ഡിസംബര്‍ 9 ന് സഭയിലെ മേല്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട് എപ്പിസ്‌കോപ്പയായി.
സഭയുടെ കുന്നംകുളം - മലബാര്‍, തിരുവനന്തപുരം - കൊല്ലം, ചെന്നൈ - ബെംഗളൂരു, മലേഷ്യ- സിംഗപ്പൂര്‍ - ഓസ്‌ടേലിയ, നോര്‍ത്ത് അമേരിക്ക - യൂറോപ്പ്, മുംബൈ, റാന്നി - നിലക്കല്‍ തുടങ്ങിയ ഭദ്രാസനങ്ങളില്‍ ഭദ്രാസനാധിപന്‍ ആയി സേവനം അനുഷ്ഠിച്ചു. 2020 ജൂലൈ 12 ന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായായി ഡോ.മാര്‍ തിയഡോഷ്യസിനെ ഉയര്‍ത്തി.
കോട്ടയം എംറ്റി സെമിനാരി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, കോട്ടയം ബസേലിയോസ്, തിരുവല്ലാ മാര്‍ത്തോമ്മ എന്നീ കോളേജുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ജബല്‍പൂര്‍ ലിയോനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് വൈദീക വിദ്യാഭ്യാസവും, ശാന്തിനികേതന്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മതങ്ങളുടെ താരതമ്യ പഠനത്തില്‍ മാസ്റ്റേഴ്‌സും, കാനഡയിലെ മക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സമൂഹ നവോത്ഥാനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠനത്തിന് ഡോക്ടറേറ്റും ലഭിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..