
-
വിയന്ന: മെയ് 4 മുതല്‍ ഓസ്ട്രിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മന്ത്രി ഹൈന്‍സ് ഫാസ്മാനും വിയന്ന സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാഭ്യാസ മനശാസ്ത്രജ്ഞ ക്രിസ്റ്റ്യന്‍ സ്പീലും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.
ഉയര്‍ന്ന ക്ലാസുകള്‍ മെയ് 4നും പ്രാഥമിക വിദ്യാലയങ്ങള്‍ (6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി) മെയ് പകുതി മുതല്‍ തുറക്കും. മൂന്നാം ഘട്ടത്തില്‍, 15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികളുടെ (വൊക്കേഷണല്‍ സ്കൂളുകള്‍, സെക്കന്‍ഡറി ലെവല്‍ 2, പോളിടെക്നിക് സ്കൂളുകള്‍) ക്ലാസുകള്‍ മെയ് 29ന് ആരംഭിക്കും. കിന്റര്ഗാര്ട്ടന് തുറക്കുന്നതിനുള്ള കൃത്യമായ തീരുമാനമായിട്ടില്ല. എന്നിരുന്നാലും ജോലിചെയ്യുന്നവരുടെ കുട്ടികള്‍ക്കും, കുട്ടികളെ വീട്ടില്‍ ഇരുത്തന്‍ സാഹചര്യം എല്ലാവര്ക്കും കിന്റര്ഗാര്ട്ടന് മെയ് 4 മുതല്‍ ലഭ്യമായേക്കും.
അതേസമയം പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. തിങ്കള്‍ മുതല്‍ ബുധന്‍ വരെയും ശേഷം വ്യാഴം, വെള്ളി ദിവസങ്ങളിലായും ഷിഫ്റ്റുകള്‍ നടക്കും. സ്കൂള്‍ ദിവസങ്ങള്‍ ആഴ്ചതോറും മാറിമാറി വരും. ശേഷിക്കുന്ന ദിവസങ്ങള്‍ 'ഗൃഹപാഠം ചെയ്യാനുള്ള ദിവസങ്ങളായി' ഉപയോഗിക്കും. സ്കൂള്‍ വര്‍ക്ക്, ജിംനാസ്റ്റിക്സ്, സംഗീത പാഠങ്ങള്‍, ഉച്ചതിരിഞ്ഞുള്ള ക്ലാസുകള്‍ എന്നിവ ഒഴിവാക്കും. അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക് വീട്ടില്‍ തന്നെ തുടരാം. ഈ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ പാഠങ്ങള്‍ക്കായി അധ്യാപകര്‍ ലഭ്യമായിരിക്കണം.
സ്കൂള്‍ ഇടവേളകളില്‍ പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്ക് വേണം. പഠനത്തില്‍ മറ്റുള്ളവരുടെ ഒപ്പം കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാലോ ഓണ്‍ലൈന്‍ പാഠങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലോ ഇതുവരെ എത്താത്ത കുട്ടികള്‍ക്ക് രണ്ടാഴ്ചത്തെ സമ്മര്‍ സ്കൂളും മന്ത്രാലയം ആസൂത്രണം ചെയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.
വാര്‍ത്ത അയച്ചത് : ജോബി ആന്റണി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..