.
സെന്റര്‍ വില്ല (ടെക്‌സാസ്): ജയിലില്‍ നിന്നും പുറപ്പെട്ട ബസ്സിലെ പോലീസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ച് ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗൊണ്‍സാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയും പോലീസുമായി തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെടുകയും ചെയ്തു.
മെയ് 12 നായിരുന്നു ലോപസ് രക്ഷപ്പെട്ടത്. മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ചില ദിവസങ്ങള്‍ ചിലവഴിച്ച ശേഷം അടുത്തുള്ള ഒരു വീട്ടില്‍ ചെന്ന് ഭക്ഷണവും വസ്ത്രവും വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ ലോപസ് ജൂണ്‍ 1 ന് ലിയോണ്‍ കൗണ്ടിയില്‍ എത്തി അവിടെ ഒരു ക്യാബിനില്‍ കഴിഞ്ഞിരുന്ന മാര്‍ക്ക് കോളിന്‍സ്(66), കൊച്ചുമക്കളായ വെയ്‌ലന്‍(18), കാരിസണ്‍(16), ഹഡ്‌സണ്‍(11), ഇവരുടെ ബന്ധു ബ്രയ്‌സണ്‍(11) എന്നിവരെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് സഹോദരങ്ങളും ടേംബെല്‍ ഐഎസ്‌സിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഹൂസ്റ്റണില്‍ നിന്നും ഒഴിവുകാലം ചിലവഴിക്കുന്നതിനാണ് ലിയോണ്‍ കൗണ്ടിയിലെ ക്യാബിനില്‍ എത്തിയത്.
ഇവരെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അവരുടെ അന്വേഷണത്തിലാണ് അഞ്ചുപേരും ക്യാബിനകത്ത് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. ട്രക്കിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സാന്‍ അന്റോണിയായില്‍ നിന്നും 50 മൈല്‍ അകലെയുള്ള പ്രദേശത്ത് വെച്ച് ഇയാളെ കണ്ടെത്തിയത്. അവരുടെ ട്രക്ക് തട്ടിയെടുത്ത് പോകുന്നതിനിടയിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. പോലീസിനെ വെട്ടിച്ച് കടക്കുന്നതിനുള്ള ശ്രമത്തില്‍ ട്രക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു. തുടര്‍ന്ന് പോലീസിനു നേരെ നിറയൊഴിച്ച പ്രതിയെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. 300 പോലീസുകാരെയാണ് ഇയാളെ പിടികൂടാന്‍ നിയോഗിച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും എആര്‍ 15 റൈഫിളും ഒരു പിസ്റ്റളും പോലീസ് കണ്ടെടുത്തു. മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Convicted murderer who escaped 3 weeks ago was killed by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..