-
ന്യുയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തന്റെ ജീവിത സമര്‍പ്പണത്തിലൂടെ വിശ്വാസത്തെയും, പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുകയും, നിശ്ചയദാര്‍ഢ്യത്തോടെ സഭയെ കെട്ടുപണി ചെയ്യുകയും, തന്റെ ദീനാനുകമ്പയിലൂടെ അശരണരെയും, പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും തോഴനായ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ആഗോള സഭകളുടെ എക്യൂമെനിക്കല്‍ രംഗത്ത് ഒരു തീരാനഷ്ടമാണ് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ വേര്‍പാട് മൂലം സംഭവിച്ചിരിക്കുന്നത് എന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പലരും ചൂണ്ടികാട്ടി.
സമ്മേളനത്തില്‍ ഡോ.സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), ആര്‍ച്ച് ബിഷപ് എല്‍ദോ മാര്‍ തീത്തോസ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് (സിറോ മലബാര്‍ കാതലിക്ക് ചര്‍ച്ച്), ബിഷപ് ജോണ്‍സി ഇട്ടി (എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്), ബിഷപ് പീറ്റര്‍ ഈറ്റണ്‍ (സൗത്ത് ഫ്‌ളോറിഡ എപ്പിസ്‌കോപ്പല്‍ ഡയോസിസ്) എന്നീ ബിഷപ്പുമാര്‍ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു.
ജിം വിന്‍ക്ലെര്‍ (സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്), റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോന്‍സ് (മെതഡിസ്റ്റ് ചര്‍ച്ച്), റവ.സജീവ് സുഗു (സി എസ് ഐ), സെനറ്റര്‍ കെവിന്‍ തോമസ് (ന്യൂയോര്‍ക്ക്), മേയര്‍ സജി ജോര്‍ജ് (സണ്ണിവെയില്‍), ആനി മാത്യൂസ് യൂന്നെസ് (കൊച്ചു മകള്‍, ബിഷപ് സ്റ്റാന്‍ലി ജോണ്‍സ്), റവ.എം.പി യോഹന്നാന്‍ (മുന്‍ വൈദീക ട്രസ്റ്റി), റവ.സജു പാപ്പച്ചന്‍ (മുന്‍ സെക്രട്ടറി, ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത), റവ.ഷിബി എബ്രഹാം (വികാര്‍, സൗത്ത് ഫ്‌ലോറിഡ), ഫിലിപ്പ് തോമസ് സിപിഎ (ഭദ്രാസന ട്രഷറാര്‍), നിര്‍മ്മല എബ്രഹാം (മെംബര്‍,സഭാ കൗണ്‍സില്‍), ഡോ.ജോ മാത്യു ജോര്‍ജ് (മെംബര്‍, ഭദ്രാസന കൗണ്‍സില്‍) എന്നിവര്‍ വിവിധ സംഘടനകളെയും, സഭയെയും പ്രതിനിധികരിച്ച് അനുശോചനം അറിയിച്ചു.
വികാരി ജനറല്‍ റവ.ഡോ.ചെറിയാന്‍ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള സ്വാഗതവും, ഭദ്രാസന പ്രോഗ്രാം മാനേജര്‍ റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. റവ.തോമസ് ജോസഫിന്റെ (വികാര്‍, ഒക്ലഹോമ) പ്രാര്‍ത്ഥനയോടും ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ ആശിര്‍വാദത്തോടും കൂടി സമ്മേളനം സമാപിച്ചു.
സമ്മേളനം ഡോ.മാത്യു ടി.തോമസ് എംസിയായി നിയന്ത്രിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട സമ്മേളനത്തില്‍ യൂട്യൂബിലൂടെയും, വെബ് സൈറ്റിലൂടെയും അനേകര്‍ ഏകദേശം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നീണ്ട സമ്മേളനത്തില്‍ പങ്കെടുത്തത് കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായോടുള്ള ആദരത്തിന്റെ പ്രതീകമായി വിലയിരുത്തി.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..