-
കാനഡ: കാനഡയുടെ പ്രഥമ വനിതാ ഫിനാന്‍സ് മിനിസ്റ്ററായി ക്രിസ്റ്റിയ ഫ്രീലാന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു ഫ്രീലാന്റ്. ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ബില്‍ മോണ്‍റിയോയുടെ അപ്രതീക്ഷിത രാജിയെതുടര്‍ന്നാണ് മന്ത്രിസഭയില്‍ പ്രധാനമന്ത്രി മാറ്റം വരുത്തിയത്.
ഓഗസ്റ്റ് 18 നായിരുന്നു മന്ത്രിയുടെ രാജി. അടുത്ത ദിവസം തന്നെ പുതിയ ധനകാര്യവകുപ്പു മന്ത്രിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ്19 മഹാമാരിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെഡറല്‍ പ്രോഗ്രാമിനെ കാര്യമായി ബാധിച്ച ധനകാര്യവകുപ്പുമന്ത്രിയുടെ ചാരിറ്റി സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എത്തിക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്നതിനിടയിലാണ് ടൊറാന്‍ഡോയിലെ സമ്പന്ന വ്യവസായിയായി അറിയപ്പെടുന്ന ധനമന്ത്രിയുടെ രാജി.
മഹാമാരിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാനഡയുടെ സാമ്പത്തിക രംഗത്തിന് പുതിയൊരു ഉണര്‍വുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫ്രീലാന്റിനെ ധനകാര്യവകുപ്പിന്റെ ചുമതലയേല്‍പിച്ചത്. അന്തര്‍ദേശീയ തലത്തിലും കാനഡയിലും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ഫ്രീലാന്റ്.
പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് ലീഡര്‍ ആഡ്രുസ്‌കിമര്‍ പ്രധാനമന്ത്രിയെയും ഗവണ്‍മെന്റിന്റെയും നിശിതമായി വിമര്‍ശിച്ചു. ചാരിറ്റി വിവാദത്തെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പാര്‍ലിമെന്ററി കമ്മിറ്റി അടച്ചുപൂട്ടി മഹാമാരിയുടെ മറവില്‍ കനേഡിയന്‍ ജനങ്ങളില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..